കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന 28 യു.ജി, പി.ജി കോഴ്സുകൾക്കും യു.ജി.സി അംഗീകാരമുണ്ടെന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി. ജഗതിരാജ് അറിയിച്ചു. യു.ജി.സി അംഗീകാരം ലഭിച്ച ശേഷമാണ് കോഴ്സുകൾ ആരംഭിച്ചതെന്നും മറ്റ് യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റും ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റും തുല്യമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ബി.എസ്സി കോഴ്സുകളും ഈ വർഷം ആരംഭിക്കും. ഡേറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്, മൾട്ടിമീഡിയ എന്നീ ബി.എസ്സി പ്രോഗ്രാമുകൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. അടുത്തവർഷം എം.ബി.എ, എം.സി.എ കോഴ്സുകളും ആരംഭിക്കും. പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും പഠനം മുടങ്ങിയവർക്കും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, പ്രായപരിധി നിബന്ധനകളില്ലാത്ത യൂണിവേഴ്സിറ്റിയുടെ കോഴ്സുകൾ ഏറെ സഹായകരമാണ്. 22,000 പഠിതാക്കളാണ് ഇപ്പോഴുള്ളത്. പുതിയ അഡ്മിഷൻ പൂർത്തിയാകുമ്പോൾ അത് അരലക്ഷമാകുമെന്നാണ് പ്രതീക്ഷ.
ബി.എ നാനോ ഓൺട്രപ്രണർഷിപ്പ് കോഴ്സ് ഇന്ത്യയിൽ ആദ്യമായി ആരംഭിക്കുന്നത് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലാണ്. ഇതുൾപ്പെടെ 28 പ്രോഗ്രാമുകളിലേക്ക് ജൂലായ് 31 വരെ അപേക്ഷ സ്വീകരിക്കും. തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ്, ഡിപ്ളോമ പ്രോഗ്രാമുകളും ഈ വർഷം ആരംഭിക്കും. ആഗസ്റ്റിൽ അന്തർദ്ദേശീയ ശ്രീനാരായണ ലിറ്റററി ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്നും ഡോ. ജഗതിരാജ് പറഞ്ഞു. പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. എസ്.വി. സുധീർ, രജിസ്ട്രാർ ഡോ. ഡിംപി വി. ദിവാകരൻ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ബിജു കെ.മാത്യു, ഡോ. റെനി സെബാസ്റ്റ്യൻ, റീജിയണൽ ഡയറക്ടർ ടോജോ തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പുതിയ പദ്ധതികൾ
• ഒരു വർഷത്തിനകം കൊല്ലത്ത് പുതിയ ആസ്ഥാനം
• അനാഥാലയങ്ങളിലുള്ളവർക്ക് ഫീസിളവ്
• ജയിൽപുള്ളികൾക്ക് സൗജന്യപഠനം
• ഈ വർഷം യൂണിവേഴ്സിറ്റി സ്പോർട്സ് മീറ്റ്
• ഇന്റർനാഷണൽ അക്കാഡമിക് കോൺക്ളേവ്
• ഹിന്ദിപ്രചാരസഭ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് സഹകരണം
• ഭവനരഹിതരായ മികച്ച പഠിതാക്കൾക്ക് വീട്
കേരള കലാമണ്ഡലത്തിൽ
ഇനി മാംസാഹാരവും
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ ഇനി മാംസാഹാരവും ലഭിക്കും. ഇതു വരെയുള്ള രീതികൾ തിരുത്തി ബുധനാഴ്ച ചിക്കൻ ബിരിയാണി വിളമ്പി. ചരിത്രത്തിൽ ആദ്യമായാണ് കാമ്പസിൽ നോൺ വെജ് ഭക്ഷണം അനുവദിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഓർഡർ ചെയ്തു വരുത്തിയ ചിക്കൻ ബിരിയാണിയാണ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മെസിൽ വിളമ്പിയത്.
1930ൽ സ്ഥാപിതമായ കലാമണ്ഡലത്തിൽ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനരീതിപ്രകാരം സസ്യാഹാരം മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇനി മുതൽ മാസത്തിലെ രണ്ടു ബുധനാഴ്ചകളിൽ ബിരിയാണിയും ഐസ്ക്രീമും വിതരണം ചെയ്യാനാണ് തീരുമാനം. സസ്യാഹാരം മാത്രം കഴിക്കുന്ന 25ഓളം വിദ്യാർത്ഥികൾക്ക് വെജിറ്റബിൾ ബിരിയാണി വിതരണം ചെയ്തു.
ഭൂരിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരും നോൺ വെജ് വിഭവങ്ങൾ വേണമെന്ന ആവശ്യം പരിഗണിച്ചാണ് വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ബിരിയാണി വിതരണം ചെയ്തത്. നോൺ വെജ് ഉൾപ്പെടെയുള്ള ഇഷ്ടഭക്ഷണം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു വരികയായിരുന്നുവെന്നും ചിക്കൻ ബിരിയാണി അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും കേരള കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ അറിയിച്ചു. എന്നാൽ അദ്ധ്യാപകരിലെ ഒരു വിഭാഗം കാമ്പസിൽ നോൺ വെജ് അനുവദിച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയ ഓയിൽ തെറാപ്പിക്ക് വിധേയമാകുമ്പോൾ സസ്യേതര ഭക്ഷണം കഴിക്കുന്നത് വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് ഇവരുടെ വാദം. സാധാരണ വിദ്യാലയങ്ങളെന്ന പോലെ കലാമണ്ഡലത്തെ കാണാനാകില്ലെന്നും ദൈവിക കലകൾ പഠിക്കുന്ന സ്ഥലമാണിതെന്നും ഒരു വിഭാഗം കലാകാരന്മാർ അഭിപ്രായപ്പെടുന്നു.