പറവൂർ: പൊട്ടിപ്പൊളിഞ്ഞ റോഡുകളും മാലിന്യം നിറഞ്ഞ് ചെളിക്കുണ്ടുകളുമായി പറവൂർ നഗരത്തിന്റെ സിരാകേന്ദ്രമായ കച്ചേരി മൈതാനം ദുരവസ്ഥയിൽ. എട്ട് വർഷങ്ങൾക്ക് മുമ്പാണ് ടൂറിസം വകുപ്പ് കച്ചേരി മൈതാനിയിൽ സൗന്ദര്യവത്കരണം നടത്തി മോടിപിടിപ്പിച്ചത്. ഏറെ വൈകാതെ മൈതാനിയിലെ ഒട്ടുമിക്ക റോഡുകളിലെയും ടൈലുകൾ ഇളകി പൊട്ടിപൊളിയാൻ തുടങ്ങി. അലങ്കാര വിളക്കുകൾ ഓരോന്നായി കണ്ണടച്ചു. ഇതോടെ ഒരു നൂറ്റാണ്ടിലധികം പഴക്കവും നിരവധി ചരിത്ര വിധികൾക്ക് സാക്ഷ്യം വഹിച്ചതുമായ പറവൂർ കോടതി സമുച്ചയത്തിന്റെ ശോഭ പൂർണമായും കെട്ടു. രണ്ട് ജില്ലാകോടതികളടക്കം പത്ത് കോടതികളാണ് കച്ചേരി മൈതാനിയിൽ പ്രവർത്തിക്കുന്നത്. ഇതുകൂടാതെ താലൂക്ക് ഓഫീസ്, രജിസ്ട്രഷൻ ഓഫീസ്, ബാർ അസോസിയേഷൻ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
ചെറിയൊരു മഴപെയ്താൽ ടൈൽവിരിച്ച റോഡുകളിൽ വെള്ളം കെട്ടും. പടർന്ന് പന്തലിച്ച് നൽകുന്ന വൃക്ഷങ്ങളിലെ ഇലകൾ വീണ് ചീഞ്ഞ് ചെളിയായി കിടക്കുകയാണ് എല്ലാ റോഡുകളും. നൂറുകണക്കിന് പേരാണ് പ്രതിദിനം കോടതിയിൽ എത്തുന്നത്. ഇവർക്കുവേണ്ട യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെയില്ല.
------------------------------------------------------------------------------------------------
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് കച്ചേരി മൈതാനിയിലെ അറ്റകുറ്റപണികൾ നടത്തേണ്ടത്. മൈതാനിയിലെ ശോചനീയാവസ്ഥ പരിഹരിക്കാൻ നഗരസഭയും അഭിഭാഷകരും നിരവധി നിവേദനങ്ങൾ ടൂറിസം പ്രമോഷൻ കൗൺസിലിന് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കച്ചേരി മൈതാനിയുടെ പരിപാലന ചുമതല മാത്രമാണ് പറവൂർ നഗരസഭക്കുള്ളത്. ഇതുമായി ബന്ധപ്പെട്ട കരാർ കാലാവധി വർഷങ്ങൾക്ക് മുമ്പ് അവസാനിച്ചു. കച്ചേരി മൈതാനിയിലെ റോഡുകളിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങൾ തെന്നിമറിയുന്നത് നിത്യസംഭവമാണ്. തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത അവസ്ഥയിലാണ് ഇന്ന് കച്ചേരി മൈതാനം.
---------------------------------------------------
സമരവുമായി ബി.ജെ.പി
പൊട്ടിപ്പൊളിഞ്ഞ കോടതി പരിസരം സഞ്ചാരയോഗ്യമാക്കുക, എം.എൽ.എയുടേയും നഗരസഭയുടേയും അനാസ്ഥ അവസാനിപ്പിക്കുക, കോടതി പരിസരത്തെ മാലിന്യ കൂമ്പാരം നീക്കം ചെയ്യുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. അജി കല്പടയിൽ അദ്ധ്യക്ഷനായി.