1

തോപ്പുംപടി: രണ്ട് വ‍ർഷമായിട്ടും തോപ്പുംപടി ഫിഷറീസ് ഹാർബറിന്റെ നവീകരണം തുടങ്ങിയിടത്ത് തന്നെ. പരിതാപകരമാണ് ആയിരക്കണക്കിന് മത്സ്യബന്ധന തൊഴിലാളികളുടെ തൊഴിൽ കേന്ദ്രത്തിന്റെ ഇന്നത്തെ അവസ്ഥ. ഹാർബറിലെ വാർഫിന്റെ പകുതി ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ച ശേഷം കാര്യമായ ജോലികൾ നടക്കുന്നില്ല. ട്രോളിംഗ് നിരോധനം അവസാനിക്കുമ്പോൾ ബോട്ടുകൾ അടുക്കുന്നതും ലേലം ചെയ്യുന്നതും വാർഫ് പൊളിച്ചത് പ്രതിസന്ധിയുണ്ടാക്കും. ഡ്രഡ്ജിംഗ് നടക്കാത്തതും പ്രശ്നമാണ്.

2021-22 കേന്ദ്ര ബജറ്റിൽ രാജ്യത്തെ അഞ്ച് മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചതിൽ ഒന്ന് കൊച്ചി(തോപ്പുംപടി)​ ഹാർബറായിരുന്നു. ഇതിന്റെ ഭാഗമായാണ് 140 കോടിയുടെ നവീകരണ പദ്ധതി. 2022 മാർച്ചിൽ ടെണ്ടർ ചെയ്ത് നവംബറിൽ തുടങ്ങിയ നവീകരണ ജോലികൾ ഇടക്കാലത്ത് പൂർണമായും സ്തംഭിച്ചിരുന്നു. പിന്നീട് ഹാർബർ വ്യവസായ സംരക്ഷണ സമിതിയുടേയും ഹാർബർ സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ നടന്ന ശക്തമായ സമരത്തിനൊടുവിലാണ് ജോലികൾ പുനരാരംഭിച്ചത്. കേന്ദ്ര ഉന്നത തല സംഘം പലകുറി ഹാർബർ സന്ദർശിച്ചിരുന്നു. 2022ൽ ഹാർബർ നവീകരണ ജോലികളുടെ പുരോഗതി വിലയിരുത്താൻ എത്തിയ അന്നത്തെ കേന്ദ്ര മന്ത്രി 2024 ജനുവരിയിൽ പുതുവത്സര സമ്മാനമായി ഹാർബർ നവീകരണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ,​ വാഗ്ദാനം വാക്കിലൊതുങ്ങി.

140 കോടിയുടെ പദ്ധതി

പദ്ധതിയിലെ വാഗ്ദാനങ്ങൾ

ആധുനിക മത്സ്യശേഖരണ സംവിധാനങ്ങൾ

 കയറ്റിറക്ക് സൗകര്യങ്ങൾ

 ശൗചാലങ്ങൾ

വിശ്രമ കേന്ദ്രം

താപനില നിയന്ത്രിത ലേല കേന്ദ്രം

പാർക്കിംഗ് യൂണിറ്റുകൾ

ജനുവരിയിൽ ഡ്രഡ്ജിംഗ് തുടങ്ങുമെന്ന് സമര സമിതി നേതാക്കൾക്ക് അധികൃതർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും നടന്നില്ല. പിന്നീട് ട്രോളിംഗ് നിരോധന സമയമായ ജൂണിൽ ഡ്രഡ്ജിംഗ് തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല

എ.എം നൗഷാദ്

ചെയർമാൻ

ഹാർബർ വ്യവസായി സംരക്ഷണ സമിതി

പശ്ചിമകൊച്ചിയിലെ പതിനായിരങ്ങൾക്ക് തൊഴിൽ നൽകുന്ന ഹാർബറിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കാൻ അധികൃതർ തയ്യാറാകണം

എ.എം നൗഷാദ്, സിബി പുന്നൂസ്

ചെയർമാൻ,​ സെക്രട്ടറി

ഹാർബർ വ്യവസായ സംരക്ഷണ സമിതി