manneduppu

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 21-ാം വാർഡിലെ എല്ലുപൊടി കമ്പനി റോഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ 11 ഏക്കറോളം വരുന്ന പുരയിടത്തിലെ മണ്ണ് അനധികൃതമായി ഖനനം ചെയ്യുന്നതായി പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ ആരോപിച്ചു. ആറുമാസക്കാലമായി രാത്രികാലങ്ങളിൽ വലിയ തോതിൽ മണ്ണ് എടുത്തു മാറ്റി സ്വാഭാവിക ആവാസ വ്യവസ്ഥ തകർക്കുന്നുവെന്നാണ് പരാതി. വീടിനോട് ചേർന്നുള്ള മൺതിട്ട മാറ്റുന്നതിനായുള്ള ഈ പെർമിറ്റിന്റെ മറവിലാണ് മാസങ്ങളായുള്ള മണ്ണെടുപ്പ് കൊള്ള. വീടിന് സമീപമുള്ള മല ഇടിച്ചുനിരത്തുകയാണ്. പാറ പൊട്ടിക്കലും വില്പനയും ഒപ്പം നടത്തുന്നുണ്ട്.

ഇതോടെ സമീപത്തെ റോഡ് സഞ്ചാരയോഗ്യമല്ലാതായി. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന വഴിയാണ് നശിപ്പിക്കപ്പെട്ടത്. അനധികൃത മണ്ണെടുപ്പിനെതിരെ നൽകിയ പരാതിക്ക് അധികൃതൽ പുല്ലുവിലയാണ് കല്പിക്കുന്നതെന്നും ഗ്രീൻ പീപ്പിൾ ആരോപിച്ചു. മണ്ണെടുപ്പ് മൂലം സഹികെട്ട പരിസരവാസികളാണ് ഗ്രീൻ പിപ്പിളിനെ സമീപിച്ചത്. ഇതേതുടർന്ന് സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് ഗ്രീൻ പീപ്പിൾ ഭാരവാഹികൾ മൂവാറ്റുപുഴ ആർ.ഡി.ഒയ്ക്കും ബയോഡൈവേഴ്സിറ്റി ബോർഡിനുമടക്കം പരാതി നൽകിയത്.

പായിപ്രയിലെ മലയിടിക്കൽ നിർത്തിവയ്പിക്കാൻ അധികൃതർ ആവശ്യമായ നടപടി കൈക്കൊള്ളണം. സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഭൂമിമാഫിയ പായിപ്ര ഗ്രാമപഞ്ചായത്തിലെ എല്ലാ മലയും ഇടിച്ചുനിരത്തും. ഇത് വൻ ദുന്തങ്ങൾക്ക് കാരണമാകും.

അസീസ് കുന്നപ്പിള്ളി

ഗ്രീൻ പീപ്പിൾ