കോലഞ്ചേരി: മനുഷ്യജീവന് വില കല്പിക്കാതെ പൊതുമരാമത്ത് വകുപ്പിന്റെ നിസംഗത തുടരുമ്പോൾ കടയിരുപ്പ് കവല അപകടക്കെണിയാകുന്നു. ഇന്നലെ നടന്ന അപകടത്തിൽ തലനാരിഴയ്ക്കാണ് ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത്. രാവിലെ 11 മണിയോടെ നടന്ന അപകടത്തിൽ ഓട്ടോയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളിലെ യാത്രികർക്കും സാരമായി പരിക്കേറ്റു.
ഓരോ മാസവും ഇവിടെ നടക്കുന്ന അപകടങ്ങളുടെ എണ്ണം കൂടുന്നതല്ലാതെ ഇതൊഴിവാക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒടുവിൽ റീ ടാറിംഗ് നടത്തിയപ്പോൾ റോഡിൽ പിടിപ്പിച്ച വാണിംഗ് സിഗ്നലുകൾക്ക് മുകളിൽ ടാർ വന്ന് മൂടിയതാണ് അപകടങ്ങളുടെ തോത് കൂട്ടിയത്. വളയൻചിറങ്ങര പീച്ചിങ്ങച്ചിറ റോഡ് ബി.എം, ബി.സി നിലവാരത്തിൽ പുനർനിർമിച്ച ശേഷമാണ് കടയിരുപ്പ് ജംഗ്ഷൻ അപകട മേഖലയായത്.
കല്ലിടാംകുഴി മുതൽ തട്ടാംമുഗൾ, മഴുവന്നൂർ, കാണിനാട് പീച്ചിങ്ങച്ചിറ വഴി കരിമുഗൾവഴി എറണാകുളത്തേയ്ക്കുള്ള എളുപ്പ വഴിയാണിത്. പെരുമ്പാവൂർ കോലഞ്ചേരിയിലേക്കുള്ള റോഡ് ഈ പാത മുറിച്ചുകടന്നാണ് പോകുന്നത്. തിരക്കേറിയ ഈ ഭാഗത്ത് ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങളാണ് അധികവും അപകടത്തിൽപ്പെടുന്നത്. നേരത്തെ ഇവിടെ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ വേഗത നിയന്ത്റണ സംവിധാനം സ്ഥാപിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഇതുവഴി കടന്നുപോകുന്ന അനധികൃത മണൽകടത്തുകാർ ഈ സംവിധാനം തകർത്തു. എതിർ ദിശയിൽ നിന്നു വരുന്ന വാഹനങ്ങളെ കാണാൻ വലിയ കണ്ണാടി സ്ഥാപിച്ചിരുന്നെങ്കിലും അതും വാഹനമിടിച്ചു തകർന്നു. പുതിയത് ഇതുവരെ സ്ഥാപിച്ചിട്ടില്ല.
മഴക്കാലമായതോടെ അപകടങ്ങൾ കൂടുകയാണ്. അടിയന്തിരമായി റോഡിൽ വാണിംഗ് സിഗ്നലുകൾ സ്ഥാപിക്കണം. അല്ലെങ്കിൽ അപകടങ്ങൾ തുടർക്കഥയാകും
ഗോപി,
വ്യാപാരി
കടയിരുപ്പ്
അപകടങ്ങൾ വർദ്ധിച്ചതോടെ കടയിരുപ്പ് ജംഗ്ഷനിൽ സിഗ്‌നൽ വേണമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്റിയെ അറിയാക്കുമെന്നും നാട്ടുകാർ ദേശീയ പാതയുടെ നിലവാരത്തിൽ നിർമ്മിച്ച റോഡായതിനാൽ വേഗത്തട സ്ഥാപിക്കുന്നതിന് നിയമ തടസങ്ങളുണ്ടെന്ന് പൊതുമരാമത്ത് അധികൃതർ ഇടുങ്ങിയതും കുണ്ടും കുഴിയും നിറഞ്ഞ വളയൻചിറങ്ങര പീച്ചിങ്ങച്ചിറ റോഡ് പുതുക്കിപ്പണിതത് ഇന്നസെന്റ് എം.പിയായിരിക്കെ പുനർനിർമ്മാണത്തിനായി നീക്കിവച്ചത് 23 കോടി രൂപ