കാലടി: കാലടിയിൽ മീഡിയൻ സ്ഥാപിച്ചതിന് പിന്നാലെ നിയമം ലംഘിച്ച ബസിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ഇന്നലെ രാവിലെ 9 മണിയോടുകൂടി അങ്കമാലി ഭാഗത്ത് നിന്ന് കാലടിയിലേക്ക് വന്ന കെ.എൽ. 63 8382 ബസ് സ്റ്റാൻഡിലേക്ക് കയറാൻ 100 മീറ്റർ ബാക്കിയുള്ളപ്പോഴാണ് മീഡിയന്റെ വലതു വശത്തുകൂടി ഓടിച്ചുകയറ്റിയത്. ജോയിന്റ് ആർ.ടി.ഒയുടെ മുൻപിലായിരുന്നു നിയമലംഘനം നടന്നത്. ബസിന്റെ ഫോട്ടോ അടക്കം അങ്കമാലി എം.വി.ഡി ഓഫീസിലേക്ക് അയച്ചു. മണിക്കൂറുകൾക്കകം അങ്കമാലി സബ് ആർ.ടി .ഓഫിസിൽ വിളിച്ചു വരുത്തി ഒരു മാസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു. കൂടാതെ പിഴയും ചുമത്തി.