മൂവാറ്റുപുഴ: നഗരസഭയുടെ കീഴിലെ ഉണക്ക മത്സ്യ മാർക്കറ്റിൽ മാലിന്യം കുന്നുകൂടി പ്രദേശമാകെ ദുർഗന്ധം നിറയുന്നു. ഉണക്കമീൻ എത്തിക്കുന്ന ചാക്കുകളും വല്ലങ്ങളും കൊട്ടകളും മറ്റും മാർക്കറ്റിൽ കുന്നുകൂടി കിടക്കുകയാണ്. മഴ ആരംഭിച്ചതോടെ ഇതിൽ നിന്ന് ഊറി ഇറങ്ങുന്ന ഉപ്പു കലർന്ന മലിനജലം റോഡിൽ ഒഴുകി പരക്കുകയും ചെയ്യുന്നു. ഇത് വൻ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഉപ്പ് കലർന്ന മലിന ജലം കെട്ടിക്കിടക്കുന്നതിനാൽ ഇതുവഴി പോകുന്ന വാഹനങ്ങളുടെ അടിഭാഗം ദ്രവിച്ചു നശിക്കുന്നുവെന്നും പരാതിയുണ്ട്. മാലിന്യം മാറ്റാൻ നഗരസഭ അധികൃതർ തയ്യാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
മാർക്കറ്റ് ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി രണ്ടര പതിറ്റാണ്ട് മുമ്പാണ് കീച്ചേരിപ്പടി - റോട്ടറി റോഡരികിലെ താത്കാലിക ഷെഡിലേക്ക് ഉണക്കമീൻ മാർക്കറ്റ് മാറ്റി സ്ഥാപിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ പ്രവർത്തിക്കുന്ന ഉണക്കമീൻ മാർക്കറ്റ് നവീകരണത്തിനായി ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. കഴിഞ്ഞ തവണ 12 ലക്ഷം രൂപയും അതിനു മുമ്പ് 9 ലക്ഷം രൂപയുമാണ് നഗരസഭ വകയിരുത്തിയിരുന്നത്. പുതിയ മാർക്കറ്റ് കെട്ടിടം നിർമിച്ച് മാർക്കറ്റ് മാറ്റണമെന്നും മാലിന്യ സംസ് കരണത്തിനു സംവിധാനം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.