കോതമംഗലം: കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. മുള്ളരിങ്ങാട് ചെക്ക് പോസ്റ്റ് മുതൽ പനംകുഴി വരെ 1.5 കിലോമീറ്ററും നേര്യമംഗലം ഫോറസ്റ്റ് റെഞ്ചിൽ ഇഞ്ചത്തൊട്ടി പ്രദേശത്തെ ഈന്തലുംപാറ മുതൽ മെഴുക്കുമാലി തേക്ക് പ്ലാന്റേഷൻ വരെ 11 കിലോമീറ്ററും ചെമ്പൻകുഴി തൂക്കുപാലം മുതൽ മണിയൻപാറ വരെ ഒരു കിലോമീറ്ററുമാണ് ഫെൻസിംഗ് നടത്തുക. തുണ്ടം ഫോറസ്റ്റ് റെഞ്ചിൽ താളുകണ്ടം ട്രൈബൽ കോളനിക്ക് ചുറ്റും 5 കിലോമീറ്ററും ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. കൃഷി വകുപ്പിൽ നിന്ന് ആർ.കെ.വി.വൈ സ്കീമിൽ അനുവദിച്ച തുക ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. ഇവരാണ് ടെൻഡർ വിളിച്ച് ഫെൻസിംഗ് നിർമ്മാണം നടത്തുക. നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പഞ്ചായത്ത് ജനകീയ സമിതികൾ രൂപീകരിക്കുന്നതാണെന്നും അറിയിച്ചു. വന്യമൃഗ ശല്യം നേരിടുന്ന മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ നിർമ്മാണം സമയബന്ധിതമായി ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.