പറവൂർ: പറവൂരിലും ഏഴിക്കരയിലും ഒമ്പത് പേരെ തെരുവുനായ കടിച്ചു. ഇന്നലെ രാവിലെ പെരുവാരം - കിഴേക്കേപ്രം മേഖലയിൽ നാല് പേരെയാണ് നായ കടിച്ചത്. നന്തികുളങ്ങര സ്വദേശി സുബ്രഹ്‌മണ്യൻ, തമിഴ്‌നാട് സ്വദേശി കുമാരസ്വാമി, ഡിഗ്രി വിദ്യാർത്ഥിനി കൃഷ്ണപ്രിയ, റിട്ട. എക്സൈസ് ഉദ്യോഗസ്‌ഥൻ രവി എന്നിവർക്കാണ് കടിയേറ്റത്. കുമാരസ്വാമിയെ ഒരു വട്ടം കടിച്ച ശേഷം പിൻമാറിയ നായ വീണ്ടും കടിച്ചു. ഏഴിക്കരയിൽ വ്യാഴാഴ്ച വൈകിട്ടാണ് ആശുപത്രിപ്പടി മുതൽ ആയപ്പിള്ളിപ്പടി വരെയുള്ള ഭാഗത്ത് നായയുടെ ആക്രമണമുണ്ടായത്. ആശുപത്രിപ്പടി ഭാഗത്ത് വച്ചു സുലൈമാൻ, സുറുമിന എന്നിവരെയും ആയപ്പിള്ളി പടിയിൽ വച്ച് ഷീമോൾ ബാബു തളിയപ്പുറത്ത്, ആഗ്നസ് മാമ്പിള്ളി എന്നിവരെയും കടിച്ചു. ഇടിമൂല കവലയിൽ വച്ചാണ് മുകുന്ദൻ പുല്ലേലിന് കടിയേറ്റത്. സുലൈമാന്റെ കാലിൽ ആഴത്തിൽ മുറിവേറ്റു. കടിയേറ്റവർ പറവൂർ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലുമായി ചികിത്സ തേടി. ഏഴിക്കരയിൽ ആക്രമണം നടത്തിയ നായയുടെ കഴുത്തിൽ ബെൽറ്റ് ഉണ്ടായിരുന്നു. ഉപേക്ഷിക്കപ്പെട്ട വളർത്തുനായയാണെന്നാണ് നിഗമനം. ആഴ്ചകൾക്ക് മുമ്പ് ഗോതുരുത്തിൽ ആറ് തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ വരുന്നത് കണ്ടു ഭയന്ന് സൈക്കിളിൽ നിന്ന് വീണു യുവാവിന് പരുക്കേറ്റിരുന്നു.