wind

കൊച്ചി: സമയം ഉച്ചയ്ക്ക് രണ്ടു മണി. ഉച്ചവരെ ശാന്തമായി നിന്ന കാലാവസ്ഥ പെട്ടെന്ന് മാറി. ആകാശം മേഘാവൃതമായി. കറുത്തിരുണ്ട അന്തരീക്ഷത്തിൽ കാറ്റ് ആഞ്ഞ് വീശി. കണ്ടെയ്‌നർ റോഡിലൂടെ പാഞ്ഞ ബൈക്കുകളെല്ലാം റോഡിനിരുവശത്തേക്കും ഒതുക്കി നിർത്തി യാത്രക്കാർ റോഡിലിറങ്ങി നിന്നു. വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥ. പലരുടെയും കൈയിൽ നിന്ന് ബൈക്കുകൾ പാളി. ചാറ്റൽ മഴ കൂടിയെത്തിയതോടെ കോട്ടിടാൻ ശ്രമിച്ചവരുടെ കൈയിൽ നിന്ന് കോട്ട് പറന്നുപോയി. ഒരു കാറ്റായിരുന്നു കാരണം! മൺസൂൺ വിൻഡ്.

ആദ്യം പൊടിക്കാറ്റ്. പിന്നാലെ മരച്ചില്ലകളും ചെറുമരങ്ങളുമെല്ലാമുലച്ച് ശക്തിപ്രാപിച്ചു. പലയിടത്തും പലവേഗം. നഗരത്തിൽ 45-55കി.മീ വേഗത. മറൈൻ ഡ്രൈവിലുൾപ്പെടെ പലയിടത്തും പൊതുപാർക്കിംഗ് ഇടങ്ങളിലെ ഇരുചക്ര വാഹനങ്ങൾ മറിഞ്ഞുവീണു. കൊച്ചിക്കായലിൽ മീൻപിടിക്കാൻ ചെറുവള്ളങ്ങളിലും കുട്ടവഞ്ചികളിലുമൊക്കെ പോയവരും കാറ്റിൽ പെട്ടുപോയി. 15മിനിറ്റോളം ഒരേവേഗത്തിൽ ശക്തമായി ആഞ്ഞടിച്ച കാറ്റ് ശമിച്ചതിനു പിന്നാലെ ശക്തമായ മഴയും പെയ്‌തൊഴിഞ്ഞു. തമ്മനം ഫെലിക്‌സ് റോഡിൽ വീടിനു മുകളിലേക്ക് മരം വീണെങ്കിലും മറ്റ് അപകടങ്ങളില്ല. നഗരത്തിൽ പൈപ്പ് ലൈൻ റോഡിലെ സംസ്‌കാര ജംഗ്ഷൻ, വൈറ്റില ഡെക്കാത്തലണിനു സമീപം, മട്ടാഞ്ചേരി തുടങ്ങിയ വിവിധയിടങ്ങളിലും മരംവീഴ്ചയുണ്ടായി. എല്ലാവർഷവും കാലവർഷത്തിനു മുന്നോടിയായി മൺസൂൺ വിൻഡ് എത്താറുണ്ട്. ഇത്തവണ അത് വൈകിയതിനാലാണ് കാലവർഷം വൈകിയതും മഴയുടെ അളവ് കുറഞ്ഞതും എന്ന് കാലാവസ്ഥാനിരീക്ഷകർ പറയുന്നു.