ആലുവ: ഗ്രൂപ്പുപ്പോര് രൂക്ഷമായതിനെ തുടർന്ന് സി.പി.ഐ ആലുവ നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. അസ്ളഫ് പാറേക്കാടൻ ആറ് മാസത്തെ അവധിയെടുത്തു. ജില്ലാ കമ്മിറ്റി അവധി അപേക്ഷ അംഗീകരിച്ചതോടെ ഇന്നലെ ചേർന്ന ആലുവ മണ്ഡലം കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ആക്ടിംഗ് സെക്രട്ടറിയായി പി.വി. പ്രേമാനന്ദനെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി കെ.എൻ. ദിനകരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.കെ. ശിവൻ, പി.കെ. രാജേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മണ്ഡലം കമ്മിറ്റി നടന്നത്. പി. രാജു പക്ഷക്കാരനായിരുന്ന അസ്ളഫ് പാറേക്കാടൻ സംസ്ഥാനത്തെ സി.പി.ഐ മണ്ഡലം സെക്രട്ടറിമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു. രാജു പക്ഷം ജില്ലാ സമ്മേളനത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് അസ്ളഫ് ജില്ലാ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു. അഭിഭാഷകനായി എൻട്രോൾ ചെയ്തതിനാൽ തൊഴിൽ സംബന്ധമായി അവധി വേണമെന്നാണ് പാർട്ടി നേതൃത്വത്തോട് അസ്ളഫ് അഭ്യർത്ഥിച്ചിരുന്നത്.

ഒരു വിഭാഗം നേതാക്കളുടെ നിസഹകരണവും ഗ്രൂപ്പുപോരുമാണ് സ്ഥാനമൊഴിയാൻ കാരണമെന്നാണ് പാർട്ടി അംഗങ്ങൾക്കിടിയിലെ സംസാരം. ആക്ടിംഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രേമാനന്ദൻ നിലവിൽ മണ്ഡലം അസി. സെക്രട്ടറിയാണ്. നേരത്തെ കീഴ്മാട് ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.