കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മുൻഗണന നൽകി വ്യവസായനയം പരിഷ്‌കരിക്കുമെന്ന് കൊച്ചിയിൽ സമാപിച്ച ജെൻ എ.ഐ സമ്മേളനത്തിൽ സർക്കാർ പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തികവർഷം എ.ഐ നയം പ്രത്യേകമായി പ്രഖ്യാപിക്കും.
കെ.എസ്.ഐ.ഡി.സിയും ഐ.ബി.എമ്മും സംഘടിപ്പിച്ച ജെൻ എ.ഐ കോൺക്ലേവിന്റെ സമാപനത്തിൽ വ്യവസായമന്ത്രി പി. രാജീവ് നയപ്രഖ്യാപനം നടത്തി.
പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ എ.ഐ വ്യവസായ പാർക്ക് സ്ഥാപിക്കും. ഗ്രാഫിക്‌സ് പ്രോസസിംഗ് സെന്ററുകൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ, ഇൻകുബേഷൻ എന്നിവയുണ്ടാകും. എ.ഐ സ്റ്റാർട്ടപ്പുകൾക്ക് പങ്കാളിത്ത മൂലധനത്തിന് സർക്കാർ സഹായം നൽകും. 10കോടി രൂപ മൂലധനമുള്ള സംരംഭങ്ങൾക്ക് അഞ്ചു കോടി നൽകും. ഒരു കോടി സ്‌കെയിൽ അപ്പ് ഗ്രാന്റും ലഭ്യമാക്കും.
എ.ഐ സംരംഭങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, അസോസിയേഷനുകൾ, സർക്കാർ ഏജൻസികൾ എന്നിവയെ കൂട്ടിയിണക്കി ടെക്‌നോളജി സംഘങ്ങൾ രൂപീകരിക്കും. മറൈൻ ജീനോം സീക്വൻസിംഗ്, ടൂറിസം, ആരോഗ്യം, ഐ.ടി, അനുബന്ധ മേഖലകൾ എ.ഐ അധിഷ്ഠിതമാക്കും.
സർക്കാരിന്റെ പദ്ധതികളിൽ എ.ഐ വ്യാപകമാക്കും. മിഷൻ 1000 കമ്പനികളിൽ എ.ഐ പ്രോത്സാഹിപ്പിക്കും. മിഷൻ 1000 ഡേറ്റാബേസ് എ.ഐ ഉപയോഗിച്ച് വിശകലനം ചെയ്യും. അപേക്ഷകൾ, നിക്ഷേപ സംശയനിവാരണം, അനുമതികൾ എന്നിവയ്ക്ക് എ.ഐ ടൂളുകൾ ഉപയോഗിക്കും. വ്യവസായ സ്ഥാപനങ്ങൾക്ക് എ.ഐയിൽ പരിശീലനം നൽകും. അസാപ്, ഡിജിറ്റൽ സർവകലാശാല, കെ.ടി.യു, കുസാറ്റ് എന്നിവ സഹകരിക്കും.
ആഗോള നിക്ഷേപക സമ്മേളനത്തിൽ എ.ഐ കമ്പനികളിലേക്ക് നിക്ഷേപം ക്ഷണിക്കാൻ പ്രത്യേക സെഷൻ നടത്തും.
സ്റ്റാർട്ടപ്പുകൾക്കും അദ്ധ്യാപകസമൂഹത്തിനും ഐ.ബി.എമ്മുമായി ചേർന്ന് പരിശീലനം നൽകും. ഐ.ബി.എം സമ്മേളനങ്ങളിൽ വിദ്യാർത്ഥികളെയും ഗവേഷകരെയും പങ്കെടുപ്പിക്കും.