വൈപ്പിൻ: നാളെ നടക്കുന്ന കർത്തേടം റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പ് സുഗമമാക്കുവാൻ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് കേരള ഹൈക്കോടതി നിർദ്ദേശം. സൊസൈറ്റി പ്രസിഡന്റ് സി.എക്‌സ്. ആൽബർട്ട്, സെക്രട്ടറി എന്നിവർ കോൺഗ്രസ് എളങ്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് എം.പി. ക്ലീറ്റസ്, യൂത്ത് കോൺഗ്രസ് സെക്രട്ടറി സ്വാതിഷ് സത്യൻ എന്നിവരെ എതിർകക്ഷികളാക്കി നൽകിയ ഹർജിയിലാണ് മുനമ്പം ഡിവൈ.എസ്.പി, ഞാറക്കൽ എസ്.എച്ച്.ഒ എന്നിവരോട് ഹൈക്കോടതി നിർദ്ദേശം നൽകിയത്. 13 അംഗ ഭരണ സമിതിയിലേക്കാണ് തിരഞ്ഞെടുപ്പ്. നിലവിലെ ഭരണസമിതി പിന്തുണ നൽകുന്ന രാഷ്ട്രീയേതര സ്വതന്ത്ര മുന്നണിയും കോൺഗ്രസും തമ്മിലാണ് മൽസരം.