വൈപ്പിൻ: സ്‌കൂൾ വിട്ട സമയത്ത് പുതുതലമുറ ബൈക്കിൽ പാഞ്ഞ യുവാവ് ഹമ്പിന് മുന്നിൽ തെന്നി മറിഞ്ഞതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. പരിശോധനയിൽ വാഹനത്തിന് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നെന്നും യുവാവ് മദ്യപിച്ചിരുന്നെന്നും വ്യക്തമായി. ബൈക്ക് ഓടിച്ച നായരമ്പലം സ്വദേശി സാംജിത്തി (20) നെതിരെ മോട്ടോർ വാഹന നിയമപ്രകാരം ഞാറക്കൽ പൊലീസ് കേസെടുത്തു.
എടവനക്കാട് എച്ച്. ഐ. എച്ച്.എസ്. എസിന് മുന്നിലായിരുന്നു സംഭവം. സൈലൻസർ പൊട്ടിച്ചിട്ടിരിക്കുന്നതിനാൽ കാതടപ്പിക്കുന്ന ശബ്ദത്തിലാണ് ബൈക്ക് എത്തിയതെന്നും സ്‌കൂൾ വിടുന്ന സമയത്ത് ഈ ബൈക്ക് പായുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു.