ആലുവ: പകർച്ചവ്യാധികൾ വ്യാപകമാകുമ്പോൾ ആലുവയിലെ പെരിയാർവാലി ഇറിഗേഷൻ കനാൽ കൊതുക് വളർത്തൽ കേന്ദ്രമായി മാറിയിട്ടും നടപടിയെടുക്കാതെ അധികൃതർ. മഴക്കാലത്തിന് മുമ്പേ ശുചീകരണ പ്രവർത്തനങ്ങൾ നടത്താതിരുന്നതാണ് ഇതിന് കാരണം.
പലയിടത്തും കനാൽ കാണാൻ കഴിയാത്ത രീതിയിൽ മൂടിക്കഴിഞ്ഞു. ഇരുകരയിലുള്ള താമസക്കാരാണ് ഡെങ്കിപ്പനിയുടെ ഭീഷണിയിലായത്. ആലുവ നഗരസഭ, കീഴ്മാട്, എടത്തല, ചൂർണ്ണിക്കര പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന കനാലിൽ മാലിന്യം കുമിഞ്ഞ് കൂടിയതും ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. ഇതിന് പുറമേയാണ് ഒഴുകി പോകാനാകാതെ വെള്ളം കെട്ടിക്കിടക്കുന്നത്.
ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ കുന്നത്തേരിയിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേർ മരണപ്പെട്ടിരുന്നു. ചൂർണിക്കരയിൽ നിരവധി പേരാണ് ഡെങ്കിപ്പനിയുടെ പിടിയിലുള്ളത്. ഇതെല്ലാം അറിഞ്ഞിട്ടും കൊതുകുവളർത്തൽ കേന്ദ്രങ്ങളായി കനാലുകളെ മാറ്റുന്നതിനാലാണ് നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുള്ളത്.