ai

കൊച്ചി: നിർമ്മിത ബുദ്ധിയുടെ ന്യൂജെൻ വിസ്മയങ്ങൾ ഒളിപ്പിച്ച ദ്വിദിന രാജ്യാന്തര ജനറേറ്റീവ് എ.ഐ കോൺക്ലേവിന് കൊച്ചിയിൽ സൈൻ ഓഫ്. വിവിധ മേഖലയിൽ നിന്നുള്ളവരുടെ കൈയടികൾ ഏറ്റുവാങ്ങിയാണ് മേളയ്ക്ക് സമാപനമായത്.

മന്ത്രി പി. രാജീവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഐ.ബി.എം സോഫ്റ്റ് വെയർ പ്രൊഡക്ട്‌സ് സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ എന്നിവരും പങ്കെടുത്തു.

 ഹാക്കത്തൺ വിജയികൾ

പ്രാദേശിക സ്റ്റാർട്ടപ്പുകൾക്കായി വാട്‌സൺഎക്‌സ് പ്ലാറ്റ് ഫോമുകളിൽ സംഘടിപ്പിച്ച ഹാക്കത്തണിൽ എ.ഐ.വിസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് വിജയികളായി.

കോളേജ് വിദ്യാർത്ഥികൾക്കായുള്ള ഹാക്കത്തണിൽ കോട്ടയം അമൽ ജ്യോതി കോളേജ് ഒഫ് എൻജിനിയറിംഗ്, തൃശൂർ സഹൃദയ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, പാലക്കാട് എൻ.എസ്.എസ് കോളേജ് ഒഫ് എൻജിനിയറിംഗ് എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

 സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടണം

പുത്തൻ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ വനിതകൾ സദാ ശ്രദ്ധിക്കണമെന്ന് കോൺക്ലവിൽ അഭിപ്രായമുയർന്നു. പാർശ്വവത്കരണത്തിൽ നിന്ന് മോചനം നേടാനുള്ള സുപ്രധാന വഴി പുതിയ സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടുകയാണെന്നും കോൺക്ലേവിൽ നടന്ന 'സാങ്കേതികവിദ്യയിൽ പുതിയ അതിർവരമ്പുകൾ തീർക്കുന്നതിൽ ജെൻ എ.ഐയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ പങ്കെടുത്ത വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഫെഡറൽ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാര്യർ, ഡിജിറ്റൽ സർവകലാശാല പ്രൊഫ. ഡോ. എലിസബത്ത് ഷേർളി, ഐ.ബി.എം മാനേജിംഗ് പാർട്ണർ ആൻഡ് ക്ലയിന്റ് ഇനോവേഷൻ സെന്റർ ലീഡർ ഉഷ ശ്രീകാന്ത് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

 രണ്ടായിരത്തോളം പേർ പങ്കാളികളായി

ഡെവലപ്പർമാർ, ബിസിനസ് പ്രമുഖർ, അക്കാഡമിക് വിദഗ്ദ്ധർ, വിദ്യാർത്ഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, ഐ.ബി.എം ക്ലയന്റുകൾ എന്നിവരുൾപ്പെടെ എ.ഐ മേഖലയിൽ നിന്നുള്ള രണ്ടായിരത്തോളം പേരാണ് കോൺക്ലേവിൽ പങ്കെടുത്തത്. ഐ.ബി.എം അംഗങ്ങൾ, വ്യവസായടെക്‌നോളജി വിദഗ്ദ്ധർ തുടങ്ങിയവർ എ.ഐയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിട്ടു. ഡെമോകൾ, ആക്ടിവേഷനുകൾ, വ്യവസായ വിദഗ്ദ്ധരുമായുള്ള കൂടിക്കാഴ്ച എന്നിവയും കോൺക്ലേവിൽ നടന്നു. എ.ഐ സാങ്കേതികവിദ്യയിലെ പുതിയ മുന്നേറ്റങ്ങൾ നേരിട്ട് മനസിലാക്കാൻ സാധിക്കുന്ന സംവിധാനങ്ങളും ഒരുക്കിയിരുന്നു.