ptrka

കോലഞ്ചേരി: മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ പൂതൃക്ക പഞ്ചായത്ത് ശ്മശാനം യാഥാർത്ഥ്യമായി. വടയമ്പാടിയിൽ നിർമ്മിച്ച ശ്മശാനം 16ന് രാവിലെ 11ന് മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിക്കും. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. ഇലക്ട്രിക്, ഗ്യാസ് സംവിധാനങ്ങളിൽ പ്രവർത്തിക്കും വിധമാണ് ആധുനിക ശ്മശാനം സജ്ജമാക്കിയിരിക്കുന്നത്. തിരുവാണിയൂർ പഞ്ചായത്തിലും ഇരുമ്പനത്തും കാക്കനാടും മാത്രമാണ് സമീപ മേഖലകളിൽ ശ്മശാനമുള്ളത്. വടയമ്പാടിയിലെ ശ്മശാനം വരുന്നതോടെ സമീപ പഞ്ചായത്തുകളായ ഐക്കരനാട്, കുന്നത്തുനാട്, കിഴക്കമ്പലം, പുത്തൻകുരിശ്, മഴുവന്നൂർ എന്നിവിടങ്ങളിൽ ഉള്ളവർക്കും ഉപകാരപ്രദമാകും.

ശ്മശാന നിർമ്മാണം തടസപ്പെട്ടത് റിയൽ എസ്​റ്റേ​റ്റ് മാഫിയകൾ തുരങ്കം വച്ചതോടെയാണ്. മലിനീകരണ പ്രശ്‌നമുയർത്തി സമീപവാസികളെ ക്വാറി, എസ്​റ്റേ​റ്റ് മാഫിയ സമര രംഗത്തിറക്കുകയായിരുന്നു. യഥാർത്ഥ കാരണം വൻ വിലയ്ക്ക് വാങ്ങിയ സമീപ പ്രദേശങ്ങളിലെ സ്ഥലങ്ങൾ ശ്മശാനം വന്നാൽ കൈമാ​റ്റം നടത്താനാകില്ലെന്ന ഭീതിയായിരുന്നു. എന്നാൽ മാഫിയ കേസ് നടത്തിയത് മാർത്തോമ സഭയുടെ ശ്മശാനം സമീപത്തുണ്ടെന്ന വസ്തുത മറച്ചുവച്ചാണെന്ന വാദം കോടതി അംഗീകരിച്ചതോടെയാണ് തടസങ്ങളെല്ലാം നീങ്ങിയത്.

ശ്മശാനം നിർമ്മാണം നാൾ വഴി

1981ൽ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.എം. പൈലിപ്പിള്ള ശ്മശാനം നിർമ്മിക്കാൻ 30 സെന്റ് സ്ഥലം കണ്ടെത്തി

1981-85 സർക്കാർ ഗ്രാന്റ് ഉപയോഗിച്ച്ചു​റ്റുമതിൽ കെട്ടി ഗേ​റ്റ് സ്ഥാപിച്ചു

2008-2009ൽ കെ. ചന്ദ്രൻ പിള്ള എം.പി ശ്മശാന നിർമ്മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു

ഭൂമാഫിയ നൽകിയ പരാതിയിൽ ജില്ലാ കളക്ടർ നിർമ്മാണ അനുമതി നിഷേധിച്ചു

കളക്ടറുടെ നടപടിക്കെതിരെ സി.പി.എം നേതാവ് എൻ.വി. കൃഷ്ണൻകുട്ടി ഹൈക്കോടതിയെ സമീപിച്ചു

2018 ഏപ്രിൽ 17ന് കോടതി ഉത്തരവിൽ ലൈസൻസ് ലഭിച്ചു

ബി.പി.സി.എൽ നിർമ്മാണമേറ്റെടുത്ത് 50 ലക്ഷം രൂപ മുടക്കി നിർമ്മാണം തുടങ്ങി.

കൊവിഡ് നിർമ്മാണം വീണ്ടും മുടക്കി

നിലവിലെ ഭരണസമിതി 25 ലക്ഷം കൂടി മുടക്കി നിർമ്മാണം പൂർത്തിയാക്കി.

നിരക്കുകൾ

പൂതൃക്ക പഞ്ചായത്തിലുള്ളവർക്ക് 3000 രൂപ

പഞ്ചായത്ത് പരിധിയിലെ പട്ടികജാതി പട്ടികവർഗക്കാർക്ക് 2500 രൂപ

മറ്റുള്ളവർക്ക് 4000 രൂപ

പ്രവർത്തനം

രാവിലെ 6 മുതൽ വൈകിട്ട് 6 വരെ. വൈകിട്ട് 5ന് മുമ്പ് മൃതദേഹം എത്തിക്കണം. ഫീസടയ്ക്കാൻ പഞ്ചായത്തിൽ സൗകര്യമുണ്ട്. അവധി ദിസങ്ങളിൽ ശ്മശാനത്തിലെത്തിയും ഫീസ് അടയ്ക്കാം