കൊച്ചി: സാഹിത്യകാരന്മാർ സമൂഹത്തിന്റെ വിമർശകരാകണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഭരണസംവിധാനങ്ങൾ നിശ്ചലമാകുമ്പോൾ പ്രതിപക്ഷത്തിന്റെ റോൾ നിർവഹിക്കേണ്ടതും എഴുത്തുകാരാണ്. കൊച്ചി നവോത്ഥാന സാംസ്‌കാരികകേന്ദ്രം ഏർപ്പെടുത്തിയ എബ്രഹാം മാടമാക്കൽ അവാർഡ് എഴുത്തുകാരൻ സി. രാധാകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അധികാരത്തിൽ ഇരിക്കുന്നവർക്കൊപ്പം ചേർന്നുനിൽക്കാതെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്വമാണ് സാഹിത്യകാരന്മാർക്കുള്ളത്. നിലപാടുകളിൽ വെള്ളംചേർക്കാതെ പറയാനുള്ളത് കൃത്യമായി പറയുകയും തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യണം. അത്തരത്തിൽ നോക്കുമ്പോൾ സി. രാധാകൃഷ്ണൻ മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ നവോത്ഥാന സാംസ്‌കാരിക കേന്ദ്രം വർക്കിംഗ് പ്രസിഡന്റ് കെ.എം. ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. എം. തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. സി. രാധാകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. അഡ്വ. അശോക് എം. ചെറിയാൻ, കെ.എ. അലി അക്ബർ, ഷാജി ജോർജ് തുടങ്ങിയവർ സംസാരിച്ചു.