കൊച്ചി: വിഴിഞ്ഞം തുറമുഖം യു.ഡി.എഫിന്റെ കുഞ്ഞാണെന്നും ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യമാണ് പദ്ധതി യാഥാർത്ഥ്യമാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയെ എൽ.ഡി.എഫ് എന്നും എതിർക്കുകയായിരുന്നു. സ്വകാര്യ മേഖലയുടെ സഹായത്തോടെ മാത്രമേ വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകൂവെന്ന് മനസിലാക്കൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. 2011ലെ ഉമ്മൻചാണ്ടി സർക്കാരാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ചൈനീസ് കമ്പനിക്ക് കരാർ നൽകാൻ നീക്കമുണ്ടായെങ്കിലും മിലിറ്ററി ഇന്റലിജിൻസ് റിപ്പോർട്ടിനെത്തുടർന്ന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നുവെന്നും സതീശൻ പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് പിന്നിൽ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പെന്നാണ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് ചെയർമാൻ ഡൊമിനിക്ക് പ്രസന്റേഷൻ അദ്ധ്യക്ഷനായി.
ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ കെ. ബാബു, അൻവർ സാദത്ത്, ടി.ജെ. വിനോദ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ഭാരവാഹികളായ അബ്ദുൾ മുത്തലിബ്, ജെയ്‌സൺ, മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.