y
ഓട്ടോമാറ്റിക് ഇലക്ട്രിക്കൽ വീൽചെയർ സാമൂഹ്യ പ്രവർത്തകൻ രാംകുമാർ സൂര്യദേവിന് കൈമാറുന്നു

തൃപ്പൂണിത്തുറ: മസ്‌കുലർ ഡിസ്ട്രോഫി അസുഖ ബാധിതനായ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർത്ഥി സൂര്യദേവിന് ഓട്ടോമാറ്റിക് ഇലക്ട്രിക്കൽ വീൽചെയർ ഇനി സ്വന്തം. തൃപ്പൂണിത്തുറ സേവാഭാരതി സ്വരൂപിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച വീൽചെയർ സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ വച്ച് സാമൂഹ്യ പ്രവർത്തകൻ രാംകുമാർ മഠത്തിൽ കൈമാറി. ചടങ്ങിൽ പ്രിൻസിപ്പൽ പി.പി. മിനി അദ്ധ്യക്ഷയായി. സേവാഭാരതി പ്രസിഡന്റ് മണി ചിറ്റടി, സെക്രട്ടറി സതീഷ്‌കുമാർ, വൈസ് പ്രസിഡന്റ് ദിവാകരൻ, കൗൺസിലർ സാവിത്രി നരസിംഹറാവു, വിജയലക്ഷ്മി, ദേവദാസ്, രഘുനാഥ്, പ്രീത ദേവദാസ്, എം.ടി. ബാബു എന്നിവർ പങ്കെടുത്തു.

സൂര്യദേവിന്റെ ശരീരഘടനയ്ക്ക് അനുസരിച്ച് പ്രത്യേകമായി നിർമ്മിച്ച വീൽചെയറിന് ഒരു ലക്ഷത്തിലധികം രൂപ ചെലവായി. എരൂർ മുല്ലക്കൽനഗറിൽ വിജയകുമാർ, ജിജി ദമ്പതികളുടെ മകനായ സൂര്യദേവ് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 97% മാർക്ക് നേടിയിരുന്നു. കഴിഞ്ഞ 7 വർഷമായി അസുഖ ബാധിതനാണ്.