
കൊച്ചി: അച്ഛനെയും അമ്മയെയും ഉറ്റബന്ധുക്കളെയും അപഹരിച്ച ക്യാൻസറിനെതിരായ പോരാട്ടമായിരുന്നു ഡോ.എൻ.കെ. സനിൽകുമാറിന്റെ ജീവിതം. മദ്ധ്യകേരളത്തിൽ കാൻസർ സെന്ററെന്ന ലക്ഷ്യം സാക്ഷാത്കരിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് ഡോ. സനിൽകുമാറാണ്.
പത്തനംതിട്ട ജില്ലയിലെ കാരംവേലി സ്വദേശിയാണ്. പിതാവ് കരുണാകരനും അമ്മ സരസമ്മയും ഏറ്റവുമടുത്ത ബന്ധുക്കളും മരിച്ചത് ക്യാൻസർ ബാധിച്ചാണ്. വിദഗ്ദ്ധ ചികിത്സാ സാഹചര്യമില്ലാത്തതിരുന്നതും ഉയർന്ന ചികിത്സാച്ചെലവും പ്രതിബന്ധമായി. ക്യാൻസർ ബാധിതരുടെ വേദനയും ദുരിതവും ദൈന്യതയും നൊമ്പരപ്പെടുത്തി. ക്യാൻസറിനെതിരായ പോരാട്ടത്തിലായിരുന്നു അന്നു മുതൽ സനൽകുമാർ.
തിരുവനന്തപുരത്തെ റീജണൽ ക്യാൻസർ സെന്ററായിരുന്നു (ആർ.സി.സി) അക്കാലത്ത് മികച്ച ചികിത്സാകേന്ദ്രം. മലബാർ ക്യാൻസർ സെന്റർ തുടങ്ങിയെങ്കിലും സൗകര്യങ്ങൾ കുറവായിരുന്നു. കേരളത്തിന്റെ വടക്കേയറ്റത്തു നിന്നുവരെ തിരുവനന്തപുരത്തേയ്ക്ക് രോഗികൾ ചകിത്സ തേടി.
കേരളത്തിലെ ക്യാൻസർ രോഗികളുടെ ശാസ്ത്രീയവിവരങ്ങൾ അക്കാലത്ത് ലഭ്യമല്ല. ക്യാൻസർ രജിസ്ട്രിയും ആരോഗ്യവകുപ്പിലുണ്ടായില്ല. ആർ.സി.സിയുടെയും മുംബെയ് ടാറ്റാ ക്യാൻസർ ആശുപത്രിയുടെയും സഹകരണത്തോടെ കണക്കുകൾ ശേഖരിച്ച് രോഗത്തിന്റെ വ്യാപ്തിയും ഭീതിയും വെളിപ്പെടുത്തുന്ന റിപ്പോർട്ടുകർ അദ്ദേഹം അധികാരികൾക്ക് സമർപ്പിച്ചു.
മദ്ധ്യകേരളത്തിലെ ക്യാൻസർ രോഗികൾക്കായി കൊച്ചിയിൽ ആർ.സി.സി മാതൃകയിൽ ചികിത്സാകേന്ദ്രം സ്ഥാപിക്കണമെന്ന ആശയം ഡോ. സനിൽകുമാറിന്റേതായിരുന്നു. ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ, പ്രൊഫ.എം.കെ. സാനു എന്നിവരെ ഇക്കാര്യം അറിയിച്ചു. ഇവരുടെ ഇടപെടലിലാണ് കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് വളപ്പിൽ കൊച്ചി ക്യാൻസർ സെന്റർ ആരംഭിച്ചത്. കൃഷ്ണയ്യരുടെ മരണശേഷം മന്ത്രി പി. രാജീവ്, മുൻ കളക്ടർ കെ.ആർ. വിശ്വംഭരൻ തുടങ്ങിയ പ്രമുഖരുടെ പിന്തുണയോടെ കൃഷ്ണയ്യർ മൂവ്മെന്റ് എന്ന സംഘടന ക്യാൻസർ സെന്ററിനും മെഡിക്കൽ കോളേജ് വികസനത്തിനും വേണ്ടിയുള്ള ഇടപെടലുകളുടെ ശക്തി ഡോ. സനിൽകുമാറായിരുന്നു. ഏഴുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ക്യാൻസർ സെന്റർ കെട്ടിടം പൂർത്തിയാകുന്ന വേളയിലാണ് ഡോ. സനൽകുമാറിന്റെ വേർപാട്. നെടുംതൂൺ നഷ്‌ടപ്പെട്ട വേദനയിലാണ് ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്‌മെന്റ് പ്രവർത്തകർ.