vengoor

76 ദിവസം പോരാട്ടം അവസാനിപ്പിച്ച് അഞ്ജന യാത്രയായി


കൊച്ചി: മഞ്ഞപ്പിത്തം ദുരിതം വിതച്ച വേങ്ങൂരിൽ മരണം മൂന്നായിട്ടും തിരിഞ്ഞ് നോക്കാതെ സർക്കാർ. ഒരുമാസമായി മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ സർക്കാരിന് കൈമാറിയെങ്കിലും തുടർനടപടി യായില്ല. ഏപ്രിൽ17 മുതൽ 253 പേരാണ് രോഗബാധിതരായത്. 76 ദിവസമായി ജീവനോട് മല്ലിട്ട് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന
വെങ്ങൂർ കൈപ്പിള്ളി പുതുശ്ശേരി വീട്ടിൽ ചന്ദ്രൻ- ശോഭ ദമ്പതികളുടെ മകൾ അഞ്ജന (27) ഇന്നല മരണത്തിനു കീഴടങ്ങി. ശ്രീലക്ഷ്മിയാണ് സഹോദരി.

അഞ്ജനയുടെ മരണത്തിനു പിന്നാലെ വെങ്ങൂരിന് സഹായം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധമുയരുകയാണ്. സർക്കാർ അനാസ്ഥയുടെ ഇരയാണ് അഞ്ജനയെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ ആരോപിച്ചു.

വെങ്ങൂർ സ്വദേശിനികളായ ജോളി, കാർത്യായനി എന്നവരാണ് മുമ്പ് മരണപ്പെട്ടത്. സമീപത്തെ മുടക്കുഴ പഞ്ചായത്ത് നിവാസി സജീവനെന്നയാളും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.

സർക്കാരിന്റെ പാഴ്‌വാക്ക്

മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിനു ശേഷം സഹായധനം പരിഗണിക്കാമെന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്. പിന്നീട് പഞ്ചായത്ത് അധികൃതർ ശ്രമിച്ചിട്ടു പോലും ഇതിൽ പുരോഗതിയുണ്ടായില്ല. രോഗബാധ രൂക്ഷമായതോടെ പഞ്ചായത്ത് കൂട്ടായ്മ എട്ട് ലക്ഷത്തോളം രൂപ പരിച്ച് 125ലേറെ കുടുംബങ്ങൾക്ക് നൽകി. സർക്കാരിലെ ഉന്നതരുടെ സന്ദർശനം പഞ്ചായത്തിൽ ഉണ്ടാകാത്തതിലും നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.

മരണം മുന്നിൽ കണ്ട നാളുകൾ

അഞ്ജനയുടെ ഭർത്താവ് ശ്രീകാന്തും ഗുരുതരാവസ്ഥയിലായിരുന്നു. 45 ദിവസം ആശുപത്രിയിൽ കിടന്ന ശ്രീകാന്തിന് 35 തവണ ഡയാലിസിസ് നടത്തി. ഇരുവർക്കുമായി ആശുപത്രിചെലവ് 25 ലക്ഷത്തിലേറെയായി. അഞ്ജന കണ്ണുതുറക്കുന്നുണ്ടെന്ന് മാത്രമാണ് അറിയാവുന്നതെന്നായിരുന്നു ഇന്നലെ രാവിലെ ശ്രീകാന്ത് കേരളകൗമുദിയോട് പറഞ്ഞത്. ഡ്രൈവറായ ശ്രീകാന്തിന് രണ്ടുമാസത്തെ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണിപ്പോൾ. സ്വന്തമായുണ്ടായിരുന്ന മൂന്ന് വാഹനങ്ങൾ ഇയാൾക്ക് വിൽക്കേണ്ടിവന്നു. ഇരുവർക്കുമായി പഞ്ചായത്തിനു നൽകാനായത് രണ്ടുലക്ഷം രൂപയാണ്.

ഇനിയെങ്കിലും സർക്കാർ കനിയണം. വൈകുന്ന ഓരോ നിമിഷവും പഴി പഞ്ചായത്തിനാണ്. മഞ്ഞപ്പിത്തം മാറിയെങ്കിലും പലരുടെയും അനുബന്ധ രോഗങ്ങൾ വഷളായ അവസ്ഥയിലാണ്.
ശിൽപ സുധീഷ്
പഞ്ചായത്ത് പ്രസിഡന്റ്

സർക്കാർ സമീപനം ദൗർഭാഗ്യകരമായിപ്പോയി. ശക്തമായ അമർഷവും പ്രതിഷേധവുമുണ്ട്.
ബൈജു പോൾ
പ്രതിപക്ഷ നേതാവ്
വെങ്ങൂർ


മഞ്ഞപ്പിത്ത ബാധ ആദ്യം സ്ഥിരീകരിച്ചത്- ഏപ്രിൽ 17ന്

മജിസ്റ്റീരിയർ റിപ്പോർട്ട് തയാറാക്കിയത് - ആർ.ഡി.ഒ

റിപ്പോർട്ട് സമർപ്പിച്ചത്- ഒരു മാസം മുൻപ്

പഞ്ചായത്ത് സ്വരൂപിച്ചത്- 7,94,826 രൂപ

കൈമാറിയത്- 7,94,000രൂപ

127 കുടുംബങ്ങൾക്ക് - 2,000 വീതം (ഗുരുതരാവസ്ഥയിലായിരുന്നവർക്ക് കൂടുതൽ തുക)