y
ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ നേതൃത്വത്തിൽ നടന്ന ഓട്ടോറിക്ഷകൾക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണ ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേശ്കുമാർ നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: യാത്രക്കാർ ഛർദ്ദിച്ചാൽ നൽകാനുള്ള ഗുളിക കെ.എസ്.ആർ.ടി.സിയിലെ ഫസ്റ്റ് എയ്ഡ് ബോക്സിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ഗണേശ്കുമാർ പറഞ്ഞു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ നേതൃത്വത്തിൽ എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് നൽകുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റോഡപകടങ്ങളുണ്ടാകുമ്പോൾ സഹായത്തിന് ആദ്യമെത്തുന്നത് ഓട്ടോറിക്ഷ തൊഴിലാളികളായതിനാൽ റോഡ് സേഫ്റ്റിയുടെ ഭാഗമായി അവർക്ക് പരിശീലനം നൽകാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ജനറേറ്റർ, അറക്കവാൾ, ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സാമഗ്രികൾ ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറിന് മന്ത്രി കൈമാറി. ഡയാലിസിസിന് വിധേയരായ നിർദ്ധന രോഗികൾക്കുള്ള പലവ്യഞ്ജനക്കിറ്റുകളും നൽകി. ലയൺസ് ഗവർണർ രാജൻ എൻ. നമ്പൂതിരി അദ്ധ്യക്ഷനായി.

നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, വൈസ് ഗവർണർ കെ.ബി. ഷൈൻകുമാർ, ട്രഷറർ സിബി ഫ്രാൻസിസ്, ജനറൽ കൺവീനർ സി.ജി. ശ്രീകുമാർ, പ്രോജക്ട് കോ ഓർഡിനേറ്റർ ശ്രീജിത്ത് ഉണ്ണിത്താൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രൊഫ. സാംസൺ തോമസ്, കൗൺസിലർ വള്ളി മുരളീധരൻ, കുമ്പളം രവി, സേതുമാധവൻ എന്നിവർ സംസാരിച്ചു.