ആലുവ: ക്രമസമാധാന രംഗത്തും കുറ്റാന്വേഷണ മേഖലയിലും നിർണായക സംഭവാനകൾ നൽകുന്നതിന് റെസിഡൻസ് അസോസിയേഷനുകൾക്ക് കഴിയുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു. റൂറൽ ജില്ലയിലെ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വിവരങ്ങൾ പൊലീസ് സ്റ്റേഷനിൽ നൽകണം. ഈ വീടുകളിൽ പൊലീസിന്റെ പ്രത്യേക ശ്രദ്ധയുണ്ടാകും. പൊലീസിന്റെ സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കൃത്യമായി ജനങ്ങൾക്ക് അറിയിക്കാം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. മയക്കുമരുന്നിനെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണ്. ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കൈമാറിയാൽ നടപടിയെടുക്കും. വിവരങ്ങൾ നൽകുന്നവരെക്കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈബർ മേഖലയിലെ തട്ടിപ്പിനേയും ചതിക്കുഴിയേയും കുറിച്ച് കൃത്യമായ ബോധവത്കരണം സ്‌കൂളുകൾ കേന്ദ്രീകരിച്ച് നൽകും. റസിഡൻസ് അസോസിയേഷനുകൾക്കും ഇത് സംബന്ധിച്ച് അവബോധം നൽകും. കൂടുതൽ സി.സി ടി.വി സ്ഥാപിക്കുന്നതിന് റസിഡൻസ് അസോസിയേഷനുകൾ ശ്രദ്ധിക്കണം. പല കുറ്റകൃത്യങ്ങളുടെയും നിർണായക തെളിവുകൾ ലഭിക്കുന്നത് ഇതിലൂടെയാണ്. റൂറൽ പൊലീസിന്റെ സോഷ്യൽ മീഡിയാ പേജിൽ വരുന്ന അറിയിപ്പുകളും മറ്റും ശ്രദ്ധിക്കണമെന്നും വൈഭവ് സക്‌സേന പറഞ്ഞു.
ഡിവൈ.എസ്.പി അബ്ദുൾ റഹിം അദ്ധ്യക്ഷനായി. പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്ത്, ഡിവൈ.എസ്.പിമാരായ വി. അനിൽ, വി.ടി. ഷാജൻ, പി.എം. ബൈജു തുടങ്ങിയവർ പങ്കെടുത്തു. മീറ്റിംഗിൽ ക്രിയാത്മ നിർദ്ദേശം പങ്കു വച്ച റസിഡൻസ് അസോസിയേഷൻ പ്രതിനിധി ജോസഫ് റോയ്ഡൻ ഡിക്രൂസിന് ജില്ലാ പോലീസ് മേധാവി അഭിനന്ദനപ്പത്രം നൽകും.