മുളന്തുരുത്തി: ആമ്പല്ലൂർ, അരയൻകാവ്, കാഞ്ഞിരമിറ്റം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഉച്ചയ്ക്ക് ഒന്നിനുശേഷം കാഞ്ഞിരമറ്റം, ആമ്പല്ലൂർ ഭാഗങ്ങളിലേക്ക് അത്യാവശ്യമായി എത്തണമെങ്കിൽ ഓട്ടോറിക്ഷയോ ടാക്സിയോ വിളിക്കണം. കെെവിഡിനുശേഷം പല സ്വകാര്യബസ് സർവീസുകൾ നിലച്ചതും യാത്രാക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്.

ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് 5വരെയുള്ള സമയത്ത് ഈ റൂട്ടിൽ ആകെ അഞ്ച് ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി ബസുകളൊന്നും ഈ സമയങ്ങളിൽ മുളന്തുരുത്തി, ആമ്പല്ലൂർ, കാഞ്ഞിരമറ്റം റൂട്ടിൽ ഓടുന്നില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ നിരവധി വിദ്യാർത്ഥികളാണ് സമീപത്തുള്ള കോളേജിലും സ്കൂളുകളിലും പഠിക്കാനായി എത്തുന്നത്. ബസ് സർവീസ് ഇല്ലാത്തതിനാൽ കുട്ടികൾക്കും സമീപത്തെ സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും ഉദ്യോഗസ്ഥർക്കും സമയത്ത് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ പെടാപ്പാടാണ്.

* സ്വകാര്യ ബസ് സർവീസ് പലതും നിലച്ചതോടെ ഒരുപ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.

* മുളന്തുരുത്തിയിൽനിന്ന് ആമ്പല്ലൂർക്കോ കാഞ്ഞിരമറ്റത്തിനോ പോകണമെങ്കിൽ മണിക്കൂറുകളോളം ബസ് കാത്തുനിൽക്കണം. അല്ലെങ്കിൽ ഓട്ടോകളെ ആശ്രയിക്കണം.

* മുളന്തുരുത്തിയിൽനിന്ന് ആമ്പല്ലൂർവരെ ഓട്ടോചാർജ് 120രൂപ

*കാഞ്ഞിരമിറ്റത്തേക്ക് 200 രൂപ നൽകണം.

വേണം ട്രാൻ.ബസ് സർവീസ്

ദിവസവും ഇത്രയും രൂപമുടക്കി യാത്രചെയ്യാൻ സാധാരണക്കാർക്ക് കഴിയില്ല. നാട്ടുകാരെ യാത്രാദുരിതത്തിൽനിന്ന് കരകയറ്റാൻ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണം എന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

ഗുണ്ടകളായി ബസ് ജീവനക്കാർ

റിട്ടേൺ പോകുന്ന ഓട്ടോറിക്ഷയെ ആശ്രയിക്കുന്ന യാത്രക്കാരെയും ഓട്ടോറിക്ഷ ഡ്രൈവർമാരെയും സ്വകാര്യബസ് ജീവനക്കാർ ഉപദ്രവിക്കുന്നതായി പരാതി.

ആമ്പല്ലൂർ കാഞ്ഞിരമറ്റം സ്റ്റാൻഡിൽ ഓടുന്ന ഓട്ടോറിക്ഷകൾ മുളന്തുരുത്തിയിലെത്തി മടക്കയാത്രയിൽ യാത്രക്കാരെ കയറ്റിയാൽ ബസ് മുതലാളിമാർ നിയമിച്ചിട്ടുള്ള ജീവനക്കാരും ഗുണ്ടകളും ഓട്ടോറിക്ഷ തൊഴിലാളികളെയും യാത്രക്കാരെയും ആക്രമിക്കുന്നത് പതിവായി. യാത്രക്കാർ കൈകാണിച്ചു നിറുത്തുന്ന ഓട്ടോറിക്ഷകളിൽ കയറുന്ന യാത്രക്കാരെ ഓട്ടോറിക്ഷയിൽനിന്ന് വലിച്ചിറക്കുന്നതും ഓട്ടോറിക്ഷ ഡ്രൈവർമാരെ ആക്രമിക്കുന്നതും പതിവായതോടെ സഹികെട്ട് ആമ്പല്ലൂർ സ്വദേശിനി മുളന്തുരുത്തി പൊലീസിൽ പരാതി നൽകി. മുളന്തുരുത്തി എസ്.എച്ച്.ഒ ബസ് ജീവനക്കാർക്ക് താക്കീത് നൽകി അയച്ചെങ്കിലും പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസവും ജീവനക്കാർ മുളന്തുരുത്തിയിൽ ക്യാമ്പ് ചെയ്തു ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരെ ഭീഷണിപ്പെടുത്തി വലിച്ചിറക്കി. വാക്കേറ്റവും ഉണ്ടായി.

അരയൻകാവ്, ആമ്പല്ലൂർ, കാഞ്ഞിരമറ്റം തുടങ്ങിയ ഭാഗങ്ങളിൽ ഓടുന്ന ഓട്ടോറിക്ഷക്കാർ സമാന്തര സർവീസ് നടത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുളന്തുരുത്തിയിലും പരിസരപ്രദേശങ്ങളിലും ബസ് ജീവനക്കാരുടെ നേതൃത്വത്തിൽ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്.

ബസ് ജീവനക്കാരുടെയും, ഓട്ടോറിക്ഷക്കാരുടെയും അടിയന്തരയോഗം വിളിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കും. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല.
മനേഷ് പൗലോസ്

മുളന്തുരുത്തി

എസ്.എച്ച്.ഒ