dincy

മൂവാറ്റുപുഴ: ഒടുവിൽ ശസ്ത്രക്രിയക്ക് കാത്തുനിൽക്കാതെ സുമനസുകളുടെ സ്നേഹം മാത്രം ബാക്കിയാക്കി ഡിൻസി ഓർമ്മയായി. മഞ്ഞള്ളൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ പരേതനായ മേയ്ക്കൽ മനോജിന്റെ ഭാര്യ ഡിൻസി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടിയിരുന്നു. നിർദ്ധന കുടുംബാംഗമായ ഡിൻസിക്കായി വാഴക്കുളം പ്രദേശം ഒന്നാകെ ചേർന്ന് 40ലക്ഷത്തോളം രൂപ സമാഹരിക്കുകയും ചെയ്തു. ഇതിനിടെ അപ്രതീക്ഷിതമായി ഡിൻസിയുടെ ആരോഗ്യനില മോശമാകുകയായിരുന്നു. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മരണം. രക്തകോശങ്ങൾ ദുർബലമാകുന്ന മൈലഡിസ് പ്ലാസ്റ്റിക് സിൻഡ്രോമായിരുന്നു ഡിൻസിയുടെ രോഗം.

12 വർഷങ്ങൾക്ക് മുമ്പ് റോഡ് അപകടത്തിൽ ഭർത്താവ് മരണപ്പെട്ട ശേഷം ഡിൻസി വാടക വീട്ടിലായിരുന്നു താമസം. സി.എം.സി സിസ്റ്റേഴ്സ് സൗജന്യമായി നൽകിയ സ്ഥലത്ത് വാഴക്കുളം പി.ഒ ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് വീട് നിർമ്മിച്ചു നൽകിയിരുന്നു. ഡിൻസിയുടെ ഏകമകൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്.

വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ.ജോസ് കുഴികണ്ണിയിൽ, കർമല ആശ്രമശ്രേഷ്ഠൻ ഫാ.തോമസ് മഞ്ഞക്കുന്നേൽ എന്നിവർ രക്ഷാധികാരികളായും വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ ചെയർമാനായും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റിൻ ജനറൽ കൺവീനറായും 20 അംഗ കമ്മിറ്റിയാണ് ഡിൻസിയുടെ ചികിത്സയ്ക്കായി 40 ലക്ഷം രൂപ കണ്ടെത്തുന്നതിന് നേതൃത്വം നൽകിയത്.