കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂരിൽ പുതിയ പാറമടകൾക്ക് പ്രവർത്തനാനുമതി നൽകുന്നതായി പരാതി. മനോഹരമായ മണ്ണത്തൂർ 1, 2, 3 വാർഡുകൾ ഉൾപ്പെട്ട പ്രദേശങ്ങളിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ പഞ്ചായത്ത് കഴിഞ്ഞ ദിവസം ഗ്രാമസഭ ചേർന്നതിന് പുറകെയാണ് പാറമടകൾക്ക് ലൈസൻസ് നൽകിയതെന്ന് ഗ്രാമ പഞ്ചായത്ത് അംഗം നെവിൻ ജോർജ് ആരോപിച്ചു. ഒന്നാം വാർഡിൽ ഈറ്റപള്ളി ഭാഗത്തെ പാറമടക്ക് ലൈസൻസ് നൽകിയതിനാൽ പ്രദേശത്തെ മറ്റ് പാറമട ഉടമകൾ കൂടി ലൈസൻസിന് അപേക്ഷിക്കാൻ ശ്രമിക്കുന്നതായി
നാട്ടുകാർ പറയുന്നു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷ അനിത ബേബി, മെമ്പർ നെവിൻ ജോർജ്, പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് ജോയ് ഫിലിപ്പോസ്, ജോൺസൺ നെടുംതടത്തിൽ എന്നിവർ ചേർന്ന് കളക്ടർ, മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം, തഹസിൽദാർ എന്നിവരെ കണ്ട് പരാതി സമർപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തഹസീൽദാരോട് കലക്ടർ നിർദ്ദേശം നൽകി.

ജനപ്രതിനിധികളെയും പഞ്ചായത്ത് കമ്മിറ്റിയെയും പ്രകൃതിദുരന്ത നിവാരണ കമ്മിറ്റിയെയും ഒഴിവാക്കി പാറമട മാഫിയയ്ക്ക് അനുകൂലമായി പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകുന്നതിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പതിനാറാം തീയതി തിരുമാറാടി ഗ്രാമപഞ്ചായത്തിൽ വരുമ്പോൾ പരാതി നൽകാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.

പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ല. പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യണമായിരുന്നു.

എം. എം. ജോർജ്
വൈസ് പ്രസിഡന്റ്
ഗ്രാമ പഞ്ചായത്ത്

തിരുമാറാടി