പള്ളുരുത്തി: പള്ളുരുത്തിയുടെ സ്വന്തം മനോഹരൻ മാഷ് നവതിയുടെ നിറവിൽ. എസ്.ഡി.പി.വൈ സ്‌കൂളിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത വി. കെ. മനോഹരൻ ഏഴു പതിറ്റാണ്ടോളമായി പശ്ചിമകൊച്ചിയിലെ രാഷ്ട്രീയ, സാമൂഹിക രംഗത്ത് നിറസാന്നിദ്ധ്യമാണ്. യുക്തിവാദിസംഘം, മിശ്രവിവാഹസംഘം എന്നിവയുടെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു. അവിഭക്ത കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും പള്ളുരുത്തി ശ്രീ ഭവാനീശ്വര ദേവസ്വം പ്രസിഡന്റുമായിരുന്ന കൃഷ്ണൻ-മാധവി ദമ്പതികളുടെ മൂത്തപുത്രനുമാണ്.
അദ്ധ്യാപക സംഘടനയായ പി.എസ്. ടി.എയുടെ സംസ്ഥാന നേതാവായി വർഷങ്ങളോളം പ്രവർത്തിച്ചു. അദ്ധ്യാപകരുടെ അവകാശങ്ങളും ആനൂകൂല്യങ്ങളും നേടിയെടുക്കാൻ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കൊച്ചി സർവകലാശാലാ സെനറ്റ്, അക്കാഡമിക് കൗൺസിൽ അംഗമായും പ്രവർത്തിച്ചിരുന്നു. കൊച്ചി സർവകലാശാലയെ സയൻസ്, ടെക്‌നോളജി മേഖലകൾക്കു വേണ്ടിയുള്ള പ്രത്യേക സർവകലാശാലയാക്കണം എന്ന ആവശ്യം ആദ്യമായി ഉന്നയിച്ച് സർവകലാശാലാ സെനറ്റിലും അക്കാഡമിക് കൗൺസിലിലും പ്രമേയം അവതരിപ്പിച്ചത് ഇദ്ദേഹമാണ്. പിന്നീട് കൊച്ചി സർവകലാശാല കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയാവുകയും ചെയ്തു. എറണാകുളത്തെ നിരവധി തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയായും എഡ്രാക്ക് പശ്ചിമ കൊച്ചി മേഖലയുടെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
എസ്.ഡി.പി.വൈ സ്‌കൂൾ റിട്ട. അദ്ധ്യാപികയും പാലാരിവട്ടം ചമ്മിണി കുടുംബാംഗവുമായ സി. എ. സെലീനയാണ് ഭാര്യ. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഓഫീസറായ എം. സ്മിതി മകനാണ്. മരുമകൾ മാദ്ധ്യമപ്രവർത്തകയായ പി.ജി. സുജ. മകൾ എം. സൗമ്യ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയാണ്. മരുമകൻ പി. എസ്. ശ്രീജിത്ത് കേരള ഹൈക്കോടതിയിൽ ജോയിന്റ് രജിസ്ട്രാറാണ്.