അങ്കമാലി: ദേശീയപാതയിൽ കരയാംപറമ്പ്, അങ്ങാടിക്കടവ് ജംഗ്ഷനുകളിലെ ട്രാഫിക് പരിഷ്കാരം പിൻവലിച്ച് മന്ത്രി കെ.ബി.ഗണേഷ് കുമാർ. സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ ശേഷമാണ് മന്ത്രിയുടെ നടപടി. കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ നിന്ന് കുറച്ചുമാറി റോഡ് തുറന്ന് മൂക്കന്നൂർ റോഡിലേക്ക് വാഹനങ്ങൾ കടത്തിവിടാൻ സൗകര്യം ഒരുക്കിയതിന് ശേഷം മാത്രമേ സർവീസ് റോഡ് അടയ്ക്കാവൂയെന്ന് മന്ത്രി നിർദേശം നൽകി. അങ്ങാടിക്കടവ് സിഗ്നൽ ജംക്‌ഷനിൽ അങ്ങാടിക്കടവ് ഭാഗത്തേക്കും തിരിച്ചും മുൻപ് ഉണ്ടായിരുന്നതു പോലെ വാഹനങ്ങളെ കടത്തിവിടും.
ഇവിടെ സിഗ്നലിന്റെ സമയദൈർഘ്യം കുറയ്ക്കും. നേരത്തെ മന്ത്രി ഈ ജംഗ്ഷനുകൾ സന്ദർശിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗതപരിഷ്കാരം ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു. മന്ത്രിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ അധികൃതർ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തിയതാണ് വിനയായത്. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ റോജി എം.ജോൺ എംഎൽഎ, അങ്കമാലി നഗരസഭാദ്ധ്യക്ഷൻ മാത്യു തോമസ്, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ എന്നിവർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പരിഷ്കാരങ്ങളുടെ ഭാഗമായി മൂക്കന്നൂർ റോഡിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നതിന് അനുവദിച്ചിരുന്ന സിഗ്നൽ ഒഴിവാക്കിയിരുന്നു. ഈ സിഗ്നൽ പുനഃസ്ഥാപിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.