ph

കാലടി: മുളംങ്കുഴിയിൽ കഴിഞ്ഞ രാത്രിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാന്റെ ആക്രമണം. സജീവ് തലേശേരിയുടെ പറമ്പിലെ തെങ്ങ്, വാഴ, ജാതി, പമ്പിംഗ് മോട്ടോർ, റബർ ഷീറ്റ് മെഷീൻ,​ ഷീറ്റ് മേഞ്ഞ ഷെഡ് എന്നിവ കാട്ടാന തകർത്തു. രാത്രിയിലായിരുന്നു ആനയുടെ ആക്രമണം. കാട്ടാനയുടെ അലറൽ കേട്ട് സജീവന്റെ കുടുംബവും അയൽവാസികളും വീടുകൾക്ക് പുറത്തിറങ്ങാതെ ടോർച്ച് ലൈറ്റ് തെളിയിച്ച് ബഹളം വച്ചു. ഇതോടെ ഒറ്റയാൻ മറ്റൊരു പറമ്പിലേക്ക് കടന്നു. മുളംങ്കുഴി, ഇല്ലിത്തോട് ഭാഗങ്ങളിലുള്ള ജനങ്ങൾ കാട്ടാനകളെ ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. കാട്ടാനകൾ എപ്പോൾ വരുമെന്നറിയാതെ രാത്രിയിൽ ഉറങ്ങാതെ കഴിച്ച് കൂട്ടുകയാണ് പ്രദേശവാസികൾ.