1

പള്ളുരുത്തി: പെരുമ്പടപ്പ്-കുമ്പളങ്ങി റോഡിൽ വാഹനങ്ങളുടെ തിരക്കിന് പുറമേ ഇരുചക്ര വാഹനങ്ങളുടെ മരണ പാച്ചിലും. താരതമ്യേന വീതി കുറഞ്ഞ റോഡിലൂടെയാണ് ന്യൂജൻ ഇരുചക്ര വാഹനങ്ങളിൽ യുവാക്കളുടെ അഭ്യാസം. ഇതിൽ പെട്ടുപോകുന്നത് കാൽനടയാത്രക്കാരും.

അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തിനായി ദേശീയപാത വഴി കടന്നു പോകേണ്ട വാഹനങ്ങൾ തുറവൂർ-എഴുപുന്ന വഴി കുമ്പളങ്ങി പാലത്തിലൂടെ കടന്നു വന്നതോടെയാണ് ഇവിടെ തിരക്കായത്. തിരുവനന്തപുരത്ത് നിന്ന് വരുന്ന വാഹനങ്ങളെല്ലാം തന്നെ ദേശീയ പാത ഉപേക്ഷിച്ച് തുറവൂർ വഴി കുമ്പളങ്ങി പെരുമ്പടപ്പ് ഭാഗത്തു കൂടിയാണ് കടന്നു പോകുന്നത്. രണ്ടിൽ കൂടുതൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്തത്ര ഇടുങ്ങിയ റോഡിലേക്ക് അഞ്ചിരട്ടിയിലധികം വാഹനങ്ങളാണ് വന്നുചേരുന്നത്. ഇതിനിടയിലാണ് ബൈക്കഭ്യാസവും! മുതി‍ർന്നവരും കുട്ടികളുമടക്കമുള്ള പ്രദേശവാസികൾ റോഡ് മുറിച്ച് കടക്കാൻ പോലും പ്രയാസപ്പെടുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇരുപതോളം അപകടങ്ങളാണ് ഈ റോഡിൽ ഉണ്ടായിട്ടുള്ളത്. ഗതാഗതം നിയന്ത്രിക്കേണ്ട പൊലീസ് ഹെൽമെറ്റ് പരിശോധന മാത്രം നടത്തുകയാണെന്ന് പരാതിയുണ്ട്. കുറച്ച് വാഹനങ്ങൾ ചെല്ലാനം വഴി തിരിച്ച് വിട്ടാൽ ഒരു പരിധി വരെ വാഹനങ്ങളുടെ തിരക്ക് കുറക്കാൻ കഴിയുമെന്നും ഇരുചക്ര വാഹനങ്ങളുടെ ചീറിപ്പായൽ നിയന്ത്രിക്കാൻ പൊലീസ് ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

കാറുകൾ ഉൾപ്പെടെയുളള വലിയ വാഹനങ്ങൾ കുമ്പളങ്ങി-കണ്ടക്കടവ് റോഡ് വഴി കണ്ണമാലിയിലൂടെ തോപ്പുംപടി ഭാഗത്തേക്ക് കടത്തിവിട്ടാൽ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ പരിഹാരമാകും

പി. വിജയൻ,

ഭാരവാഹി,

സംഗമം റസിഡന്റ്സ് അസോസിയേഷൻ