പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്ത് കൊച്ചുപുരയ്ക്കൻ കടവിലെ ജനവാസമേഖലയിൽ വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും കാട്ടാനക്കൂട്ടം എത്തി. വെള്ളിയാഴ്ച രാത്രി 10 മണിയോടെ എത്തിയ കാട്ടാനക്കൂട്ടത്തെ രാത്രിയിൽ തന്നെ വനപാലകരും നാട്ടുകാരും ചേർന്ന് ഓടിച്ചു വിട്ടെങ്കിലും അതേ സംഘം ഇന്നലെ പുലർച്ചെ വീണ്ടും എത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ജനവാസ മേഖലയിലെ റബർ തോട്ടത്തിൽ തമ്പടിച്ച കുട്ടിയാനകൾ ഉൾപ്പെടെയുളള 12 അംഗ ആനക്കൂട്ടത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പുഴയിലൂടെ ഓടിച്ച് വനത്തിലേക്ക് കയറ്റിവിട്ടു. ഇന്നലെ എത്തിയതെല്ലാം പിടിയാനകളായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് എത്തിയ കാട്ടാനക്കൂട്ടം രണ്ടു ദിവസങ്ങളിലായി പലരുടെയും കൃഷി നശിപ്പിച്ചിരുന്നു. ജനവാസ മേഖലയിലെ വന്യജീവികളുടെ കടന്നുകയറ്റം തടയാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.