rc
കേരള പ്രദേശ് മഹിള കോൺഗ്രസിന്റെ മഹിള 'സാഹസ്' ക്യാമ്പ് എക്‌സിക്യൂട്ടീവിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നു

ആലുവ: ഇടതു സർക്കാരിനെതിരെ മുഴുവൻ സ്ത്രീകളെയും അണിനിരത്താനുള്ള ഉത്തരവാദിത്വം മഹിളാ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീപീഡകരായ സി.പി.എം നേതാക്കളുടെയും പ്രവർത്തകരുടേയും കേസുകൾ ഒതുക്കിത്തീർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് മഹിളാ കോൺഗ്രസിന്റെ മഹിളാ 'സാഹസ്' ക്യാമ്പ് എക്‌സിക്യുട്ടീവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ചവിജയം സമ്മാനിക്കുന്നതിന് മഹിളാ കോൺഗ്രസ് വാർഡുകൾ കേന്ദ്രീകരിച്ച് ശക്തമായ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വാർഡിലും പരമാവധി പ്രവർത്തകരെ ശക്തരാക്കി മഹിളാ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജരാകണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. സർക്കാർ ഓരോ പഞ്ചായത്തിലും പുതിയ വാർഡ് സൃഷ്ടിക്കുകയാണ്. വാർഡ് വിഭജനം കണക്കിലെടുത്ത് താഴെത്തട്ടിലുള്ള പ്രവർത്തനം ഊർജിതമാക്കണം. തി​രഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ വാർഡ് കമ്മിറ്റികൾ തിരഞ്ഞെടുക്കണമെന്ന് കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിഅംഗം കെ.സി. ജോസഫ്, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഡൊമിനിക് പ്രസന്റേഷൻ, ദീപ്തി മേരി വർഗീസ്, സക്കീർ ഹുസൈൻ തുടങ്ങിയവരും പ്രസംഗിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.