കോലഞ്ചേരി: കോലഞ്ചേരിയിൽ നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മിനിട്രക്ക് നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് ഇലവൻ കെ.വി ലൈൻ കടന്നുപോകുന്ന രണ്ടു പോസ്റ്റുകൾ റോഡിന് കുറുകെ മറിഞ്ഞുവീണു. വലമ്പൂർ കുരിശ്തടി മില്ലിന് മുന്നിലുള്ള വളവിൽ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. ബൈക്ക് യാത്രികനായ കടിയിരുപ്പ് സ്വദേശി രാഹുലിന്റെ മുകളിലേക്കാണ് പോസ്റ്റിന്റെ ഒരറ്റം മറിഞ്ഞുവീണത്. പോസ്റ്റിനും ലൈൻ കമ്പിയ്ക്കും ഇടയിൽ കുടുങ്ങിയ യുവാവ് പരിക്കുകൾ കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വലിയ ശബ്ദത്തോടുകൂടിയാണ് ഇലക്ട്രിക് ലൈൻ പൊട്ടിത്തെറിച്ച് ബൈക്ക് ഓടിച്ചു വരികയായിരുന്ന രാഹുലിന്റെ മുകളിലേക്ക് വീണത്. ചാലക്കുടിയിലേക്ക് ലോഡുമായി പോകുകയായിരുന്നു മിനി ട്രക്ക്. ഡ്രൈവർക്കും പരിക്കുകളില്ല. റോഡിന് കുറുകെ ഇലക്ട്രിക് ലൈൻ മറിഞ്ഞ് വീണതിനാൽ ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു.പട്ടിമറ്റം ഫയർഫോഴ്സ് എത്തിയാണ് ഗതാഗത തടസം നീക്കിയത്. പുത്തൻകുരിശ് പൊലീസും സ്ഥലത്തെത്തി.