തൃപ്പൂണിത്തുറ: എറണാകുളം നഗരത്തിന്റെ കിഴക്കൻ കവാടമാക്കി തൃപ്പൂണിത്തുറ റെയിൽവേസ്റ്റേഷനെ വികസിപ്പിക്കണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. ട്രൂറ നടത്തിയ സായാഹ്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
48 ട്രെയിനുകൾക്ക് സ്റ്റോപ്പുകളുള്ള അങ്കമാലി, 63 ട്രെയിനുകൾക്ക് സ്റ്റോപ്പുകളുള്ള കരുനാഗപ്പള്ളി, മാവേലിക്കര റെയിൽവേ സ്റ്റേഷൻ എന്നിവയേക്കാൾ കൂടുതൽ വരുമാനമുള്ളത് കേവലം 18 ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള തൃപ്പൂണിത്തുറയിലാണ്. മാസം 2 കോടിയിലേറെ രൂപ വരുമാനമുള്ള തൃപ്പൂണിത്തുറയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും കൊവിഡിന് മുമ്പുള്ള സ്റ്റോപ്പുകൾ പുന:സ്ഥാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ട്രൂറ ചെയർമാൻ വി.പി. പ്രസാദ് അദ്ധ്യക്ഷനായി.
കെ. ബാബു എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, ട്രൂറ ഭാരവാഹികളായ വി.സി. ജയേന്ദ്രൻ, എസ്.കെ. ജോയ്, അംബികാസോമൻ, എം. രവി, സേതുമാധവൻ മൂലേടത്ത്, പി.എം. വിജയൻ, സി.എസ്. മോഹനൻ എന്നിവർ സംസാരിച്ചു.