നെടുമ്പാശേരി: പത്താം ക്ലാസ് വിദ്യാർത്ഥി കപ്രശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്‌നൽ ജെയ്മി തൂങ്ങി മരിക്കാനിടയായത് മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്നെന്ന് സൂചനകൾ പുറത്തുവന്നതിനെ തുടർന്ന് കേസിന്റെ അന്വേഷണം ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന് കൈമാറി.
അഗ്നലിന്റെ വീട്ടിൽ നിന്നും ലഭിച്ച സൂചനകളും മാദ്ധ്യമ വാർത്തകളെയും തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയാണ് അന്വേഷണം നെടുമ്പാശേരി പൊലീസിൽ നിന്നും ഡിവൈഎസ്.പിക്ക് കൈമാറിയത്. അന്വേഷണത്തിന്റെ ഭാഗമായി അഗ്നൽ ഉപയോഗിക്കാറുള്ള മാതാപിതാക്കളുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് - സൈബർ വിഭാഗങ്ങളുടെ പരിശോധനയ്ക്ക് വിധേയമാക്കും. അമ്മയുടെ ഫോണിൽ ഗെയിം ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
സ്കൂളിൽ നിന്ന് ക്ളാസ് കഴിഞ്ഞെത്തിയ അഗ്നലിനെ വെള്ളിയാഴ്ച്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മഴക്കോട്ട് ധരിച്ചും ഇരുകൈകളും പിന്നിലാക്കി കൂട്ടിക്കെട്ടിയും വായയിൽ സെല്ലോ ടേപ്പ് പതിക്കുകയും ചെയ്ത നിലയിലായിരുന്നു മൃതദേഹം. തോർത്തുമുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. സാഹചര്യങ്ങളെല്ലാം മൊബൈൽ ഗെയിം കളിച്ചതിന്റെ ഭാഗമായുള്ള ടാസ്ക് ആണെന്ന സൂചനയാണ് നൽകിയത്. മറ്റ് കുടുംബ പ്രശ്നങ്ങളൊന്നുമില്ലെന്ന് വീട്ടുകാരും പറയുന്നു.