kannamali

പള്ളുരുത്തി: കണ്ണമാലിയിൽ ദുരിതപൂർണമായ ജീവിതമാണ് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്നതെന്നും വർഷങ്ങളായി നൽകുന്ന ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 12.5 കിലോമീറ്റർ കടൽഭിത്തി കെട്ടാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ട് ഏഴുകിലോമീറ്ററിൽ അവസാനിച്ചു. ഏത് സമയത്തും വീടുകൾ ഇടിഞ്ഞുവീഴാം. ഇത്തരമൊരു ദയനീയ സ്ഥിതി കേരളത്തിലായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല. എടവനക്കാടും ഇതേ അവസ്ഥയാണെന്ന് കണ്ണമാലി സന്ദർശിച്ച പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രദേശവാസികൾക്കൊപ്പം കടൽക്ഷോഭത്തിൽ തകർന്ന വീടുകൾ സന്ദർശിച്ച ശേഷം കടൽക്ഷോഭ പ്രശ്‌നത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടക്കുന്ന സത്യാഗ്രഹ സമരപന്തലിൽ എത്തി പിന്തുണ അറിയിച്ചു. ശേഷം സെന്റ് ജോസഫ് സ്കൂളിൽ തീരദേശ ജനതയുടെ ദുരിതങ്ങൾ വിവരിക്കാൻ സംഘടിപ്പിക്കപ്പെട്ട പരിപാടിയിലും പ്രതിപക്ഷ നേതാവ് പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ എൻ. വേണുഗോപാൽ, ഐ.കെ. രാജു, തമ്പി സുബ്രഹ്മണ്യം, ഫാ. സെബാസ്റ്റ്യൻ പനഞ്ചിക്കൽ, ഫാ എബി സെബാസ്റ്റ്യൻ ചൊവ്വല്ലൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

കടൽഭിത്തി വരുന്നതോടെ ചെല്ലാനത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞിട്ട് പകുതി പ്രശ്നങ്ങൾ പോലും തീർന്നിട്ടില്ല. കടൽക്ഷോഭം ശക്തമാകുന്നതോടെ ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ജിയോബാഗുകളും ഒഴുകിപ്പോകുന്ന സ്ഥിതിയാണ്. കടൽ ഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ഒരു പദ്ധതികളും സമർപ്പിച്ചിട്ടില്ല. ഇക്കാര്യം ഹൈബി ഈഡൻ എം.പിയെ കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

വി.ഡി സതീശൻ

പ്രതിപക്ഷ നേതാവ്.