ആലുവ: രാഹുൽഗാന്ധിയെ മുമ്പ് വിമർശിച്ചവർ ഇന്ന് അദ്ദേഹത്തെ സ്തുതിക്കുകയും മോദിയെ വാഴ്ത്തിയവർ അദ്ദേഹത്തെ തള്ളുകയും ചെയ്യുന്ന തരത്തിലേക്ക് ഇന്ത്യൻ രാഷ്ട്രീയം മാറിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. മഹിളാ കോൺഗ്രസ് 'സാഹസ്' ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം വിവിധ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഉണ്ടായ വൻ വിജയം ഇന്ത്യാ മുന്നണിയുടേയും കോൺഗ്രസിന്റെയും കുതിപ്പാണ് കാണിക്കുന്നത്. 2026ൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതുവരെ മഹിളാ കോൺഗ്രസ് വിശ്രമരഹിതമായി അദ്ധ്വാനിക്കണം. 2025ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 70 ശതമാനം പഞ്ചായത്തുകൾ യു.ഡി.എഫ് പിടിക്കണം. ഓരോ വാർഡിലും വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ഉത്തരവാദിത്വം മഹിളാ കോൺഗ്രസ് ഏറ്റെടുക്കണം. സംസ്ഥാനത്ത് ത്രികോണമത്സരം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ബി.ജെ.പിയെ വളർത്താനുള്ള സി.പി.എമ്മിന്റെ കുത്സിതശ്രമം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി അദ്ധ്യക്ഷത വഹിച്ചു.
ഉമ തോമസ്, സജീവ് ജോസഫ്, അൻവർ സാദത്ത്, വിശ്വനാഥ് പെരുമാൾ, പി.വി. മോഹൻ, വി.പി. സജീന്ദ്രൻ, അലോഷ്യസ് സേവ്യർ, ജെയ്‌സൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.