കൊച്ചി: അയ്യപ്പന്റെ അവതാരകഥകളും അപദാനങ്ങളും മധുരതരമായ ഉടുക്കുപാട്ടായി അവതരിപ്പിക്കാൻ രാമു ആശാൻ ഇനിയില്ല. അറുപത്തഞ്ചു വർഷത്തോളം ശാസ്താഗീതികൾ ഉപാസനയായി കൊണ്ടുനടന്ന കൂടാലപ്പാട് കാളമ്പാട്ടുകുടി രാമൻ ആചാരി (73) നിര്യാതനായി. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. മണ്ഡല, മകരവിളക്കു കാലത്തെ ദേശ വിളക്കുകളിൽ സജീവസാന്നിദ്ധ്യമായിരുന്നു മുതിർന്ന ശാസ്താംപാട്ട് കലാകാരനായിരുന്ന ഇദ്ദേഹം. ശ്രീഭദ്ര ശാസ്താം പാട്ടുസംഘത്തിന്റെ നേതൃത്വം വഹിച്ചിരുന്നു. കൂടാലപ്പാട് വിശ്വകർമ്മ സഭാമന്ദിരത്തിൽ ശാസ്താംപാട്ട് അഭ്യസിപ്പിച്ചിരുന്നു. പ്ലാവിൻ തടിയിൽ ഉടുക്ക് നിർമ്മിക്കുന്നതിലും വിദഗ്ദ്ധനായിരുന്നു. കൊരുമ്പശേരി നീലകണ്ഠൻ, നെടുമ്പിള്ളി കുഞ്ഞിട്ടി എന്നിവരായിരുന്നു ഗുരുക്കന്മാർ. ലക്ഷ്മിയാണ് ഭാര്യ. മക്കൾ: സിനി, സുനിൽ, സുധീഷ്, സിജി. സംസ്‌കാരം ഇന്നലെ ഉച്ചയ്ക്ക് കാലടി പൊതുശ്മശാനത്തിൽ നടന്നു.