കൊച്ചി: യൂറോളജി സർജനും ആരോഗ്യ, പൊതുപ്രവർത്തകനുമായിരുന്ന ഡോ.എൻ.കെ. സനിൽകുമാറിന് രണ്ടുപതിറ്റാണ്ട് കർമ്മ മണ്ഡലമായിരുന്ന കൊച്ചി ആദരവോടെ വിടചൊല്ലി. പേട്ടയിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ഡോ. സനിൽകുമാറിന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി പേർ എത്തി. പ്രൊഫ.എം.കെ. സാനു, പി.എസ്.സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്‌ണൻ, എം.എസ്. മാധവിക്കുട്ടി, മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രൻ, സി.ജി. രാജഗോപാൽ, ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ മൂവ്മെന്റ് പ്രവർത്തകർ, ഐ.എം.എ ഭാരവാഹികൾ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. രവിപുരം ശ്‌മശാനത്തിൽ ഡോ. സനിൽകുമാറിന്റെ മകൻ സനന്ത് കരുണാകരൻ ചിതയ്ക്ക് തീകൊളുത്തി. കേരളകൗമുദിക്ക് വേണ്ടി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എം.എസ്. സജീവൻ എന്നിവർ പുഷ്‌പചക്രം സമർപ്പിച്ചു. കൊച്ചി ക്യാൻസർ സെന്റർ സ്ഥാപനത്തിനും എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് വികസനത്തിനും പ്രേരണയായ ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ മൂവ്മെന്റിന്റെ പ്രധാന സാരഥിയായിരുന്നു ഡോ. സനിൽകുമാർ.