lahari

പെരുമ്പാവൂർ: ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂർ പൊലീസ് നടത്തിയ പരിശോധനയിൽ പത്തുലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില, ലഹരി ഉത്പന്നങ്ങളുമായി അഞ്ചുപേരെ പൊലീസ് പിടികൂടി. ജ്യോതി ജംഗ്ഷനിലെ കടകളുടെ മുകൾത്തട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി അസം നൗഗാവ് സ്വദേശികളായ ആരിഫുൽ ഇസ്ലാം (18), മൻജൂറിൽ ഹഖ് (18), അലി ഹുസൈൻ (20) എന്നിവരെ പിടികൂടി. മീൻ മാർക്കറ്റിനു സമീപത്തു നിന്ന് കഞ്ചാവുമായി നജ്മുൽ ഹഖ് (27), കാളച്ചന്ത മാർക്കറ്റിനുസമീപം വാടകമുറിയിൽനിന്ന് അഞ്ച് ചെറിയ കുപ്പി ഹെറോയിനുമായി ഖൈറുൽ ഇസ്ലാം (34) എന്നിവരും പിടിയിലായി. കഞ്ചാവുമായി പിടിയിലായ നജ്മുൽ ഹഖ് കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലാപ്പ്‌ടോപ് മോഷ്ടിച്ചതിന് ആറുമാസത്തെ ജയിൽശിക്ഷ അനുഭവിച്ചയാളാണ്.
കണ്ടന്തറ ഭാഗത്തുള്ള ബംഗാൾ കോളനിയിൽനിന്ന് മയക്കുമരുന്ന് ഉപയോഗിച്ച ഒരു മലയാളി യുവാവും ബിവറേജ് ഭാഗത്ത് പരസ്യമായി മദ്യപിച്ചവരും കഞ്ചാവ് വലിച്ചുകൊണ്ടിരുന്നവരും കസ്റ്റഡിയിലായി. മഞ്ഞപ്പെട്ടി ഭാഗത്ത് പണംവച്ച് ചീട്ടുകളിയിലേർപ്പെട്ട മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും പിടിയിലായി. ഇവരിൽനിന്ന് 6000 രൂപയും പിഴചുമത്തി. 17 കേസുകളാണ് പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്തത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിർദേശപ്രകാരം എ.എസ്.പി മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ എസ്‌.ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിക്, ആൽബിൻ സണ്ണി, ടി.എസ്. സനീഷ്, എ.എസ്‌.ഐമാരായ പി.എ. അബ്ദുൽ മനാഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.