മൂവാറ്റുപുഴ: കോടികൾ മുടക്കി നിർമ്മിച്ച ശേഷം തുറന്ന് നൽകാതെ നശിച്ച ആധുനിക മത്സ്യ, മാംസ മാർക്കറ്റിനും അർബൻഹാറ്റിനും പിന്നാലെ ജനങ്ങളുടെ നികുതി പണം കൊണ്ട് നിർമ്മിച്ച മൂവാറ്റുപുഴയിലെ ഷീ ലോഡ്‌ജിന്റെ പ്രവർത്തനവും സ്വപ്നം മാത്രമാകുന്നു. സെപ്റ്റി ടാങ്കും മലിനജല ശേഖരണത്തിനുള്ള ടാങ്കും നിർമ്മിക്കാതെ അശാസ്ത്രീയമായി നിർമ്മിച്ച ഷീ ലോഡ്‌ജ് ഇനി ഓഫിസ് മുറികളാക്കി വാടകക്ക് നൽകാൻ മാത്രമെ കഴിയൂ. അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കഴിയാത്തതാണ് മുപ്പത് ലക്ഷത്തോളം രൂപ ചില വഴിച്ച് നിർമ്മിച്ച ഷീ ലോഡ്‌ജിന് വിനയായത്.
നഗരത്തിലെത്തുന്ന വനിതകൾക്ക് സുരക്ഷിത താമസം ഒരുക്കാൻ കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ അവസാന കാലത്താണ് ഷീ ലോഡ്‌ജ് നിർമ്മിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വെളിച്ചവും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ഷീ ലോഡ്‌ജിന്റെ ഉദ്ഘാടനവും നടത്തിയിരുന്നു. എന്നാൽ പിന്നീട് അധികാരത്തിലെത്തിയ യു.ഡി.എഫ് കൗൺസിൽ ഇത് തുറന്നു നൽകാൻ ഒരുങ്ങിയതോടെയാണ് സൗകര്യങ്ങൾ ഒരുക്കിയില്ലെന്നത് കണ്ടെത്തിയത്. തുടർന്ന് സൗകര്യങ്ങൾ ഒരുക്കിയെങ്കിലും ലോഡ്ജ് എടുത്തു നടത്താൻ ആളില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും അടച്ചിട്ടു. പിന്നീട് ജനരോഷം ഉയർന്നതോടെ തുറന്നു നൽകാൻ നടപടി സ്വീകരിക്കുകയും ആളെ കണ്ടെത്തി ചുമതല ഏൽപ്പിക്കുകയും ചെയ്‌തു. ഇതോടെയാണ് ഷീ ലോഡ്‌ജിലെ ശുചിമുറി മാലിന്യത്തിനും മലിന ജല ശേഖരണത്തിനുമുള്ള ടാങ്കുകൾ സമീപത്തൊന്നും നിർമ്മിക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയത്. പ്രദേശത്തുള്ള പാറ തകർക്കാതെ നിർമ്മാണം നടത്താൻ കഴിയില്ല.
സെപ്റ്റിക് ടാങ്ക് ഉടൻ നിർമ്മിച്ച് എല്ലാ വിധ സൗകര്യവും ഒരുക്കി ഷീലോഡ്ജ് തുറന്നുകൊടുക്കുമെന്ന് നഗരസഭ ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു.