കൊച്ചി: വൈദ്യുത വാഹനയുടമകളുടെ ചാർജിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കേരളത്തിൽ 100 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ വൈദ്യുത വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്‌സ് കേരള (ഇവോക്) തീരുമാനിച്ചു. കഴിഞ്ഞവർഷം 30 സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. സ്റ്റാർട്ട്അപ്പായ ചാർജ്‌മോഡുമായി സഹകരിച്ചാണ് പദ്ധതി.
ഇവോക്കിന്റെ പ്രസിഡന്റായി അഞ്ചൽ റെജിമോൻ, സെക്രട്ടറിയായി പി.എസ്. മുത്തയ്യൻ, ട്രഷററായി വിശ്വനാഥൻ, രക്ഷാധികാരിയായി ഡോ. രാജസേനൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.
പാരമ്പര്യേതര ഊർജസ്രോതസുകളെ പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കുന്നതിനും വിവിധ ഏജൻസികളെ പിന്തുണയ്ക്കുകയും സഹായിക്കുകയുമാണ് ഇവോക്കിന്റെ മുഖ്യലക്ഷ്യം.