ആലുവ: ബാങ്ക് ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് പെൻഷണേഴ്‌സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ ദേശീയ പ്രസിഡന്റ് കെ.വി. ആചാര്യ ആവശ്യപ്പെട്ടു. ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഓഫീസേർസ് ഫോറം 29 -ാമത് ദേശീയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു മേഖലകളിൽ ശമ്പള പരിഷ്‌കരണത്തോടൊപ്പം പെൻഷനും പരിഷ്‌കരിക്കുന്നുണ്ട്. എന്നാൽ ബാങ്കിംഗ് മേഖലയിൽ പെൻഷൻ തുടങ്ങിയതിനുശേഷം ഇന്നുവരെ പരിഷ്‌കരണം നടത്താത്തത് നീതി നിഷേധമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ഫെഡറൽ ബാങ്ക് എം.ഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസൻ ഓൺലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി. തോമാച്ചൻ അദ്ധ്യക്ഷനായി. ഫെഡറൽ ബാങ്ക് റിട്ടയേഡ് ഓഫീസേഴ്‌സ് ഫോറത്തിന്റെ പുതിയ വെബ്‌സൈറ്റും കലാ സാംസ്‌കാരിക വിഭാഗമായ 'സിംഫണി"യുടെ ഉദ്ഘാടനവും എ.ഐ.ബി.ഒ.സി ദേശീയ സീനിയർ വൈസ് പ്രസിഡന്റ് പി. ആർ. ഷിമിത്ത് നിർവഹിച്ചു. സുപ്രിത സർക്കാർ, ടോം തോമസ്, പോൾ മുണ്ടാടൻ, പി.കെ. ഭാസി, ഇ.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു. 80 വയസ് തികഞ്ഞ മുതിർന്ന 18 അംഗങ്ങളെ ആദരിച്ചു.