road

നെടുമ്പാശേരി: ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിച്ച നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ആവണംകോട് കുഴുപ്പളം - മൂത്തമന റോഡ് ഒരു വർഷം കഴിഞ്ഞിട്ടും സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകം. കുഴികളും ചെളിയും നിറഞ്ഞ റോഡ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതമായി.

ഭൂഗർഭ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും റോഡ് റീ ടാറിംഗ് നടത്താത്തതാണ് വിനയായത്. മഴശക്തമായതോടെ കുഴികൾ മൂടിയ മണ്ണ് കുത്തിയൊലിച്ച് പോകുകയാണ്. വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം കാൽനട യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും തർക്കത്തിന് കാരണമാകുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണ് റീ ടാറിംഗ് വൈകുന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

റോഡ് ഉപരോധിച്ചു

ആവണംകോട് കുഴുപ്പളം - മൂത്തമന റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ കോൺഗ്രസ് എയർപോർട്ട് 11-ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡ് ഉപരോധിച്ചു. റോഡ് അടിയന്തരമായി റീ ടാറിംഗ് ചെയ്തില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ ഉപരോധം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് വൈസ് പ്രസിഡന്റ് പി.വി. റെജി അദ്ധ്യക്ഷനായി. ഷൈജു കല്ലറ, കെ.ടി. ഡൈജു, പി.ടി. രാജു, കെ.ജെ. ബൈജു, റോയ് പയ്യപ്പിള്ളി, കെ.ഡി. പൊളി, ലിൻസ് മാത്യു, പൗലോസ് കരുമത്തി, ജോളി റോയ്, ദീപാ ഷൈജു, കെ.കെ. ആന്റു തുടങ്ങിയവർ പ്രസംഗിച്ചു.