കാലടി: പറയിപെറ്റ പന്തിരുകുലത്തിലെ അകവൂർ ചാത്തനുമായി അഭേദ്യമായ ബന്ധമാണ് ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് തന്നെ കാരണം അകവൂർ ചാത്തനാണെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിന് ഏകദേശം 1600 വർഷത്തോളം പഴക്കം ഉണ്ടെന്ന് കണക്കാക്കുന്നു. ശ്രീമഹാദേവനും ശ്രീപാർവതി ദേവിയും പ്രധാന പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രത്തിൽ മഹാദേവന്റെ തിരുനട വർഷം മുഴുവൻ തുറക്കുമെങ്കിലും പാർവതി ദേവിയുടെ നട ധനുമാസത്തിലെ തിരുവാതിര മുതൽ 12 ദിവസം മാത്രമേ തുറക്കൂ. ശ്രീ മഹാദേവനെയും ശ്രീപാർവതീദേവിയെയും സതീദേവിയെയും ഒരേ മതിൽക്കെട്ടിനകത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം തിരുവൈരാണിക്കുളത്താണ്. ഇവിടുത്തെ മറ്റൊരു അത്ഭുതമാണ് ബലിക്കൽപുരയിൽ മരത്തിൽ കൊത്തിയിരിക്കുന്ന രാമായണ കഥ. സാക്ഷാൽ ഉളിയന്നൂർ പെരുന്തച്ചനാണ് ദാരുശിൽപ്പത്തിലുള്ള ഈ അത്ഭുതത്തിന്റെ സ്രഷ്ടാവ് എന്നാണ് വിശ്വാസം. അതിപുരാതനമായ ഈ അദ്ഭുതം തനിമ ഒട്ടും നഷ്ടപ്പെടാതെ തന്നെ ക്ഷേത്ര ട്രസ്റ്റ് സംരക്ഷിച്ച് പോരുന്നു. കർക്കിട മാസത്തിൽ പെരുന്തച്ചൻ കൊത്തിയ ഈ രാമായണ പുണ്യം തേടി നിരവധി ഭക്തരാണ് കാലങ്ങളായി ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. കർക്കിടക മാസാചരണത്തിന്റെ ഭാഗമായി നിത്യേന ഗണപതിഹോമവും ഭഗവത് സേവയും വഴിപാടായി നടത്തി വരുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.