ആലുവ: തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡിൽ ഒ.എസ്.എ ലൈനിന് സമീപം സ്വകാര്യ സ്ഥാപനം മാലിന്യം ചാക്കുകളിലാക്കി തള്ളിയിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് പരാതി. നഗരസഭ 25-ാം വാർഡിലാണ് ചെരുപ്പുകടയിൽ നിന്നുള്ള മാലിന്യങ്ങൾ ഉൾപ്പെടെ പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി റോഡരികിൽ തള്ളിയിരിക്കുന്നത്.
കൗൺസിലർ ടിന്റു രാജേഷ് നഗരസഭ ആരോഗ്യ വിഭാഗത്തിൽ പരാതി നൽകിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. രാഷ്ട്രീയ ഭരണ സ്വാധീനത്തെ തുടർന്നാണ് രണ്ടാഴ്ച്ച പിന്നിട്ടിട്ടും നടപടിയെടുക്കാനോ മാലിന്യം നീക്കം ചെയ്യിപ്പിക്കാനോ നഗരസഭ തയ്യാറാവാത്തതെന്നും ആക്ഷേപമുണ്ട്. നഗരസഭ പരിധിയിൽ ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.