
കൊച്ചി: തലസ്ഥാനത്തെ ആമയിഴഞ്ചാൻ തോടിന് സമാനമായി കൊച്ചിനഗരത്തിലുമുണ്ട് മാലിന്യം മൂടിയ കനാലുകൾ. റെയിൽവേ സ്റ്റേഷനിലെയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെയും ചപ്പുചവറുകളും പ്ലാസ്റ്റിക്ക്, കക്കൂസ് മാലിന്യങ്ങളും നിറഞ്ഞ് കിടക്കുന്ന കൊച്ചിയുടെ മാലിന്യവാഹിനികളാണ് മുല്ലശേരി, പേരണ്ടൂർ കനാലുകൾ. രണ്ട് കനാലുകളുടെയും ഭാഗങ്ങൾ ചേരുന്ന കാരിക്കാമുറിയിലെ റെയിൽവേ പാലത്തിനു സമീപം റെയിൽവേ യാർഡിൽ നിന്നും കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുമുള്ള ഓയിലും മറ്റും കൊണ്ട് കറുത്തുകുറുകി കിടക്കുകയാണ്.
ചെറുമഴയിൽ പോലും എം.ജി റോഡും നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളുമടക്കം കൊച്ചി നഗരം വെള്ളക്കെട്ടിലാകുന്നതിന് പിന്നിലെ പ്രധാന കാരണക്കാരും ഈ കനാലുകളാണ്. ഇരുകനാലുകളിലും സ്ഥാപിച്ച 'പെട്ടിയും പറയും" പമ്പിംഗ് സംവിധാനം കൊണ്ട് മാത്രമാണ് വെള്ളക്കെട്ട് മുൻവർഷങ്ങളിലേതു പോലെ അതിരൂക്ഷമാകാത്തത്. വെള്ളം പമ്പ് ചെയ്ത് കളയാനാകുന്നുണ്ടെങ്കിലും ചെളിയും മാലിന്യവും വലിയതോതിൽ വന്നടിയുന്നുണ്ട് ഇവിടെ.
2018ലെ വെള്ളപ്പൊക്കത്തിനു ശേഷം ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിയിൽപ്പെടുത്തി മുല്ലശേരി കനാൽ നവീകരണം നടക്കുന്നുണ്ടെങ്കിലും ഒച്ചിഴയും വേഗത്തിലാണ്. നഗരമദ്ധ്യത്തിലൂടെ എം.ജി റോഡിനും ഷൺമുഖം റോഡിനും കുറുകേ ഒഴുകി കായലിൽ പതിക്കുന്ന മുല്ലശേരി കനാലിന്റെ മുകൾഭാഗം കോൺക്രീറ്റ് ചെയ്ത് അടച്ചാണ് പുതുക്കുന്നത്. തിരുവനന്തപുരത്തേതിന് സമാനമായ അത്യാഹിതമുണ്ടായാൽ രക്ഷാപ്രവർത്തകർ കഷ്ടപ്പെടും.
വില്ലന്മാർ റെയിൽവേയും പൈപ്പ് ലൈനും
പറഞ്ഞിട്ടും കേൾക്കാതെ റെയിൽവേ
മുല്ലശേരി, പേരണ്ടൂർ കനാലുകൾ എറണാകുളം റെയിൽവേ ട്രാക്കിന് അടിയിലൂടെയാണ് പോകുന്നത്. ട്രെയിൻ യാത്രക്കാർ വലിച്ചെറിയുന്ന മാലിന്യങ്ങൾ കൂടാതെ ട്രാക്കിനടിയിൽ മാത്രം അഞ്ച് അടിയിലേറെ ചെളി നിറഞ്ഞ് കിടപ്പുണ്ടെന്ന് സമീപവാസികൾ പറയുന്നു. ചെളി നീക്കാൻ റെയിൽവേ അധികൃതരോട് പലവട്ടം നഗരസഭ ആവശ്യപ്പെട്ടിരുന്നു. റെയിൽവേ സൗത്ത് സോൺ മാനേജർ ഹരിബാബുവിന്റെ നേരിട്ടുള്ള ഇടപെടൽ കൊണ്ട് ഒരിക്കൽ മാത്രമാണ് അതു നടന്നത്.
വെള്ളക്കെട്ടുണ്ടാക്കും കോൺക്രീറ്റ് തറ
തുറമുഖത്തു നിന്ന് അമ്പലമുകളിലെ ബി.പി.സി.എൽ പ്ലാന്റിലേക്കുള്ള ഓയിൽ പൈപ്പ് ലൈനുകൾ പേരണ്ടൂർ കനാലിനു മുകളിലൂടെയാണ് പോകുന്നത്. പൈപ്പ് സ്ഥാപിച്ചിട്ടുള്ള കനാലിലെ കോൺക്രീറ്റ് തറയാണ് വെള്ളക്കെട്ടിന് പ്രധാനകാരണം. ഇവിടെ കോൺക്രീറ്റ് തറയും ചെളിയും ചേർന്ന് ബണ്ട് പോലെയാണ്. മീറ്ററുകൾ ആഴത്തിലുള്ള ചെളി കോരിക്കളയാനുമാകുന്നില്ല. റെയിൽവേ പാലത്തിന് സമീപത്തു നിന്ന് പേരണ്ടൂർ കനാലിലേക്ക് വെള്ളം പമ്പ് ചെയ്യുമ്പോൾ കമ്മട്ടിപ്പാടവും സമീപ പ്രദേശങ്ങളിലുമുള്ള 300ലേറെ കുടുംബങ്ങൾ വെള്ളത്തിലാകും.