p

കൊച്ചി: കല്ലുമ്മക്കായയുടെ വിത്തെടുപ്പും വിളവെടുപ്പും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ഫിഷറീസ് വകുപ്പ് നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്താകും ഫിഷറീസ് വകുപ്പ് നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുക. ഇതുസംബന്ധിച്ച ശുപാർശകൾ സമ‌ർപ്പിക്കാൻ സംസ്ഥാന ഫിഷ് സീഡ് സെന്റർ ചെയർപേഴ്സന്റെ നേതൃത്വത്തിൽ വിദഗ്ദ്ധസമിതി രൂപീകരിച്ചു.

കല്ലുമ്മക്കായ വിത്തുത്പാദനത്തിന് ഹാച്ചറികളില്ല. കടലോരത്തെ പാറക്കെട്ടുകളിൽ പറ്റിപ്പിടിച്ചുവളരുന്ന കുഞ്ഞുങ്ങളെ പരമ്പരാഗത രീതിയിലാണ് ശേഖരിക്കുന്നത്. മിതമായ ഉപ്പുവെള്ളത്തിലാണ് കല്ലുമ്മക്കായ (Mytilus Edulis) കൃഷിചെയ്യുക. കേരളത്തിന്റെ തീരദേശ ജലാശയങ്ങളെല്ലാം ഇതിന് അനുയോജ്യമാണ്. മലബാർ മേഖലയിലാണ് ഉത്പാദനം കൂടുതൽ. കാസർകോട് ജില്ലയിലെ പടന്ന, ചെറുവത്തൂ‌ർ, വലിയപറമ്പ്, തൃക്കരിപ്പൂർ പഞ്ചായത്തുകളിൽ നിന്നാണ് രാജ്യത്തെ 80 ശതമാനം ഉത്പാദനവും. ഇവിടെ മാത്രം വർഷം 2500 ‌ടൺ കല്ലുമ്മക്കായ വിളയുന്നു. ഉപ്പുവെള്ളമുള്ള പൊതു ജലാശയങ്ങളിൽ കയറുകളിൽ തൂക്കിയാണ് കല്ലുമ്മക്കായ വളർത്തൽ. വലിപ്പമെത്തിയാൽ ഒരെണ്ണം 30 ഗ്രാം വരും. കിലോയ്ക്ക് 200രൂപയാണ് ഇപ്പോൾ വില.

കർഷക‍ർ നേരിടുന്ന വെല്ലുവിളികൾ

1. ഇടത്തട്ടുകാർ

മുമ്പ് മത്സ്യത്തൊഴിലാളികളിൽ നിന്ന് കർഷകർ നേരിട്ടാണ് വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ ഇടത്തട്ടുകാരുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് 50 കിലോ ചാക്കിലെ വിത്തിന് 2000 രൂപ ലഭിക്കുമ്പോൾ ഇടനിലക്കാർ 9000 രൂപവരെ ഈടാക്കുന്നതായി കർഷകർ പറയുന്നു.

2. ആവാസ വ്യവസ്ഥ

ഒരുമിച്ചുള്ള വിളവെടുപ്പിൽ വിലയിടിക്കുന്നതും ആവാസവ്യവസ്ഥ തകിടം മറിയുന്നതുമാണ് കർഷകരുടെ മറ്റൊരു പ്രശ്നം. ഈ രംഗത്ത് ഭൂരിഭാഗം സ്ത്രീകളാണ്. കല്ലുമ്മക്കായ ശുദ്ധീകരിച്ച് മരവിപ്പിച്ച് കയറ്റുമതി ചെയ്യാനുള്ള സാങ്കേതികവിദ്യയുണ്ട്. ഏറെ സാദ്ധ്യതകളുള്ള ഈ വിഷയം സർക്കാർ ഇനിയും പരിഗണിച്ചിട്ടില്ല.

3. അധിനിവേശ ശത്രു

കല്ലുമ്മക്കായ കൃഷിക്കും ആവാസവ്യവസ്ഥയ്ക്കും ഏറ്റവും ഭീഷണിയാണ് കടൽമുഖത്ത് നിറയുന്ന 'അധിനിവേശ കല്ലുമ്മക്കായ "(Mytella Strigata). അമേരിക്കൻ വൻകരയിൽ നിന്ന് കപ്പലുകളുടെ അടിപറ്റിയെത്തുന്ന വില്ലൻ കടുത്ത ഉപ്പുവെള്ളത്തിൽ വരെ ജീവിക്കും. ഭക്ഷ്യയോഗ്യമല്ലാത്ത വിദേശി, നാടൻ കല്ലുമ്മക്കായുടെ ആയുസ്സു കുറയ്ക്കും.

''മത്സ്യവിത്തുകളുടെ സീഡ് ആക്ടിലോ മത്സ്യകൃഷിയുടെ ഇൻലൻഡ് ഫിഷിംഗ്- അക്വാക്കൾച്ചർ നിയമത്തിലോ കല്ലുമ്മക്കായ ഉൾപ്പെട്ടിട്ടില്ല. ഇക്കാര്യം യോഗത്തിൽ ഉന്നയിക്കും.""

ടി. പുരുഷോത്തമൻ, വിദഗ്ദ്ധസമിതിയിലെ

മത്സ്യകർഷക പ്രതിനിധി