mazha

മൂവാറ്റുപുഴ: കല്ലൂർക്കാട് വ്യാപക നാശം വിതച്ച് കനത്ത മഴയും ശക്തമായ കാറ്റും. മരം വീണ് 9 വീടുകൾ തകർന്നു. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയാണ് കാറ്റും മഴയും ഉണ്ടായത്. പത്തകുത്തി, നാഗപുഴ, വഴിയാഞ്ചിറ, തൈമറ്റം എന്നിവിടങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. രണ്ട് വാർഡുകളിലായി പീടിയേക്കൽ ബേബി, കലയത്തിങ്കൽ മോഹനൻ, കോന്നം പ്ലാക്കൽ കനകദാസ്, മേലാട്ടുകുന്നേൽ രാജൻ, പാറയ്ക്കൽ തങ്കമ്മ ചീരാൻ, വടക്കുമറ്റത്തിൽ സോളി സലി, ഏഴാനിക്കാട്ട് ബിനോയ്, കിഴക്കേടത്ത് സോജൻ, നൂറനാൽ സിജു എന്നിവരുടെ വീടുകളാണ് മരം വീണ് തകർന്നത്. കുരുവുംമായ്ക്കൽ ജോജോയുടെ വീടിന്റെ ഓടുകൾ കാറ്റിൽ പറന്നു പോയി. തേക്ക്, പ്ലാവ്, മാവ് അടക്കം നിരവധി മരങ്ങൾ കാറ്റിൽ നിലം പൊത്തി. റബർ, വാഴ കൃഷികളും വ്യാപകമായി നശിച്ചു. കല്ലൂർക്കാട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരങ്ങൾ മുറിച്ചു നീക്കി.